പിസി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി; ശക്തന്‍ സ്പീക്കര്‍സ്ഥാനം രാജിവയ്ക്കണം: വി എസ്

തിരുവനന്തപുരം: പി സി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും വാല്യക്കാരനെപ്പോലെ പ്രവര്‍ത്തിച്ച സ്പീക്കര്‍ എന്‍ ശക്തന്‍ മാന്യതയുണ്ടെങ്കില്‍ സ്പീക്കര്‍സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
എംഎല്‍എ സ്ഥാനം സ്വയം രാജിവച്ച പിസി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിക്കെതിരേ അന്നുതന്നെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആത്മഹത്യ ചെയ്തയാളെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതു പോലുള്ളതാണ് സ്പീക്കറുടെ നടപടിയെന്ന് അന്നു താന്‍ തന്നെ പറഞ്ഞതാണ്. നിയമജ്ഞര്‍ പോലും ഈനടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും സന്തോഷിപ്പിക്കാനും അവരുടെ പ്രീതി പിടിച്ചുപറ്റാനുമായാണ് സ്പീക്കര്‍ ജോര്‍ജിനെ അയോഗ്യനാക്കിയത്.
സ്പീക്കറുടെ ഈ നിയമവിരുദ്ധ നടപടിക്കേറ്റ കനത്ത പ്രഹരമാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി. ഇത് കേരള നിയമസഭയ്ക്കാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. അതുകൊണ്ട് കോടതിവിധി മാനിച്ച് സ്പീക്കര്‍സ്ഥാനം ഒഴിയാന്‍ തയ്യാറാവുകയാണ് ശക്തന്‍ ചെയ്യേണ്ടത്. നാണമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ സ്ഥാനത്തു തുടരാവുന്നതാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു..
ഒരു നിമിഷം പോലും സ്പീക്കര്‍ സ്ഥാനത്തു തുടരാന്‍ എന്‍ ശക്തന്‍ യോഗ്യനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി സ്പീക്കര്‍സ്ഥാനം ദുരുപയോഗം ചെയ്തതിന് തെളിവാണ് പിസി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി റദ്ദാക്കിയതിലൂടെ വെളിപ്പെടുന്നത്.
എംഎല്‍എ സ്ഥാനം രാജിവച്ച ഒരാളെ കൂറുമാറ്റത്തിന്റെ പേരില്‍ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിനു തന്നെ അപമാനമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കൂട്ടരേയും സന്തോഷിപ്പിക്കാന്‍ സ്പീക്കര്‍ വഴിവിട്ട് പ്രവര്‍ത്തിക്കുകയായിരുന്നെന്നും കാനം പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it