ernakulam local

പിഴയടച്ച തുകക്ക് രശീത് ചോദിച്ചതിന് കേസെടുത്തതായി പരാതി

മരട്: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴയടച്ച തുകക്ക് രശീത് ആവശ്യപ്പെട്ടയാള്‍ക്കെതിരേ പോലിസ് കേസെടുത്തതായി പരാതി.
മരട് അയിനിനട സീതാപറമ്പില്‍ ജോണ്‍സനാണ് പോലിസ് ഡെ.കമ്മീഷണര്‍ക്കു പരാതി നല്‍കിയത്. പോലിസിന്റെ കൃത്യ നിര്‍വഹണത്തില്‍ തടസ്സം നിന്നു, പൊതുജന മധ്യത്തില്‍ പരസ്യമായി ആക്ഷേപിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞു വരികയായിരുന്ന ജോണ്‍സനെ മരട് എസ്‌ഐ സാജുപോളാണ് വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിച്ചത്.
പിഴയായി 500 രൂപ നല്‍കിയെങ്കിലും രസീത് നല്‍കിയില്ലെന്നു ജോണ്‍സണ്‍ പറയുന്നു. വാഹനത്തിന്റെ താക്കോല്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. വീട്ടില്‍പോയി രേഖകളുമായി വന്നപ്പോഴേക്കും ബൈക്ക് മരട് സ്‌റ്റേഷനിലേക്കു കൊണ്ടുപോയിരുന്നു. സ്‌റ്റേഷനില്‍ എത്തിയപ്പോഴേക്കും വാഹനം ഇനി കോടതിയില്‍ നിന്നു വാങ്ങിയാല്‍ മതിയെന്നായി പോലിസെന്ന് ജോണ്‍സണ്‍ പറയുന്നു. തുടര്‍ന്ന് തനിക്കെതിരേ കേസെടുത്ത് കൂടെ എത്തിയ ആളുടെ ജാമ്യത്തിലാണ് വിട്ടയച്ചത്. അതേസമയം, മാല പൊട്ടിക്കല്‍ സംഭവങ്ങള്‍ നടക്കുന്നതിനാല്‍ പ്രദേശത്ത് പോലിസ് പട്രോളിങ് ശക്തമാക്കിയിരുന്നുവെന്നും ഹെല്‍മറ്റ് വയ്ക്കാതെ വണ്ടി ഓടിച്ചതിനു പെറ്റിക്കേസാണ് ഇയാള്‍ക്കെതിരേ എടുത്തതെന്നും എസ്‌ഐ സാജുപോള്‍ പറഞ്ഞു. വിലാസവും വാഹന സംബന്ധമായ രേഖകളും ചോദിച്ചപ്പോള്‍ നല്‍കിയില്ല.
നൂറുരൂപ പിഴ അടക്കാന്‍ പറഞ്ഞപ്പോള്‍ പോലിസിനെ പരസ്യമായി ആക്ഷേപിക്കുകയും കൃത്യ നിര്‍വഹണത്തില്‍ തടസ്സം നില്‍ക്കുകയും ചെയ്തു. ഇതിനാലാണ് നിയമ നടപടിയുടെ ഭാഗമായി വാഹനം സ്‌റ്റേഷനിലേക്കു കൊണ്ടു പോയതെന്നും എസ്‌ഐ പറഞ്ഞു.
Next Story

RELATED STORIES

Share it