wayanad local

പിലാക്കാവില്‍ കാട്ടുപോത്തിന്റെ പരാക്രമം ; വാഹനങ്ങള്‍ക്ക് നാശനഷ്ടം



മാനന്തവാടി: നഗരസഭയിലെ അടിവാരം പിലാക്കാവ്, വാളാട്ടുകുന്ന് പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുപോത്തെത്തിയത് പരിഭാരന്തി പരത്തി. കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്ത് വാഹനങ്ങള്‍ തകര്‍ത്തു. വനത്തിലേക്ക് തിരികെ പോകാതെ തോട്ടത്തില്‍ നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായി. ഒടുവില്‍ പോലിസും വനപാലകരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കി ആളുകളെ റോഡുകളില്‍നിന്നും മാറ്റിയാണ് കാട്ടുപോത്തിനെ ഓടിച്ചത്.കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ വനത്തില്‍നിന്നും കിലോമീറ്ററുകള്‍ അകലെ പിലാക്കാവ് അടിവാരം വടക്കേടത്തില്‍ ഉലഹന്നാന്റെ തോട്ടത്തിലാണ് ആളുകള്‍ കാട്ടുപോത്തിനെ കണ്ടത്. വനത്തിലേക്ക് തിരികെ പോകാതെ കാട്ടുപോത്ത് തോട്ടത്തില്‍ നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായി. വിവരമറിഞ്ഞ് വനപാലകള്‍ സ്ഥലതെത്തി തുരത്താന്‍ ശ്രമിച്ചതോടെ ആളുകള്‍കൂടി. ഇതോടെ തുരത്താനുള്ള ശ്രമം പാളി. തുടര്‍ന്ന് പോലീസ് സ്ഥലതെത്തി ആളുകളെ നിയന്ത്രിച്ചെങ്കിലും കാട്ടുപോത്ത് ജനവാസ കേന്ദ്രങ്ങളിലൂടെ ഓടി. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ഇതിനെ ജനവാസകേന്ദ്രങ്ങളില്‍നിന്നും അകറ്റി കാട്ടില്‍ കയറ്റാനായിരുന്നു വനപാലകരുടെ ശ്രമം. പിന്നീട് കക്കുന്നത്ത് വയലില്‍ ഇറങ്ങിയ കാട്ടുപോത്ത് ഇവിടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാഞ്ഞായി സാദിഖിന്റെ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ത്തു. ഇവിടെനിന്നും മെയിന്‍ റോഡ് വഴി പിലാക്കാവ് ജങ്ഷന് സമീപമെത്തി. ഇവിടെ ദേവാലയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന പിലാക്കാവ് കല്ലിങ്കല്‍ റിനീഷിന്റെ ഓട്ടോറിക്ഷ കുത്തി മറച്ചിടാന്‍ ശ്രമിച്ചു. വനപാലകള്‍ പടക്കം പൊട്ടിച്ച്  ഇവിടെനിന്നും താഴെയുള്ള വയലിലേക്ക് തുരത്തി. തുടര്‍ന്ന് വാളാട്ടുകുന്ന്് വഴി തോട്ടത്തിലൂടെ ഓടിച്ച് വനത്തില്‍ കയറ്റി. വാളാട്ടുകുന്നിലെ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാഞ്ഞായി നായനാരിന്റെ ബൈക്കും കുത്തിമറിച്ചിട്ടു. ഇതിനും കേടുപാടുകള്‍ സംഭവിച്ചു. പോലിസും വനപാലകരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കി ആളുകളെ റോഡുകളില്‍നിന്നും മാറ്റിയാണ് കാട്ടുപോത്തിനെ ഓടിച്ചത്. വന്യമൃഗശല്യത്തിനെതിരെ പ്രദേശത്ത് വനാതിര്‍ത്തികളില്‍ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമല്ല. ഇതാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണം. കാട്ടാനശല്യവുമുണ്ട്.  ഡെപ്യൂട്ടി റെയ്ഞ്ചര്‍ എം രവിചന്ദ്രന്റെ നേതൃത്വത്തിലള്ള വനപാലകരുടെ നേതൃത്വത്തിലാണ് കാട്ടുപോത്തിനെ തുരത്തിയത്.
Next Story

RELATED STORIES

Share it