Kollam Local

പിറവന്തൂര്‍ റോഡ് തകര്‍ന്ന് കിടക്കുന്നത് അപകടം പതിവാക്കുന്നു

പത്തനാപുരം: പിറവന്തൂര്‍ കുരിയോട്ടുമല എന്‍ജിനീയറിങ് കോളജ് റോഡ് തകര്‍ന്ന് കിടക്കുന്നത് അപകടം പതിവാക്കുന്നു. റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ശക്തമാവുകയാണ്.
പൊതുവെ വീതികുറഞ്ഞ ഗ്രാമ പഞ്ചായത്ത് അധീനതയിലുളള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതികൂട്ടി ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പിറവന്തൂര്‍ ചേമ്പുംകണ്ടം ജങ്ഷനില്‍ നിന്നും തൊണ്ണൂറോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കുരിയോട്ടുമല കോളനിയിലേക്കും സമീപത്തായി നൂറ് കണക്കിന് കുട്ടികള്‍ പഠിക്കുന്ന പത്തനാപുരം സഹകരണ എന്‍ജിനീയറിങ് കോളജിലേക്കുമുളള പ്രധാന റോഡാണ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. കോളനിയില്‍ നിന്നും ചീവോട് ജങ്ഷന്‍ വരെ വരുന്ന റോഡ് വശങ്ങള്‍ ഇടിഞ്ഞും ടാറിളകിയും തകര്‍ന്ന നിലയിലാണ്.
കാല്‍നടയാത്ര പോലും പറ്റാത്ത വിധം പലയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ട് വെളളകെട്ടായി കിടക്കുകയാണ്.
ആറ് മാസം മുമ്പ് പഞ്ചായത്ത് ഈ റോഡില്‍ ടാറിങ് നടത്തിയിരുന്നു. എന്നാല്‍ ചേമ്പുംകണ്ടം ജങ്ഷന് സമീപം അരകിലോമീറ്റര്‍ ഭാഗം ടാറിങ് നടത്തിയിരുന്നില്ല.
അറ്റകുറ്റ പണികള്‍ നടത്തിയ ഇടങ്ങളില്‍ വേണ്ടത്ര ടാറോ അനുബന്ധ സാധനങ്ങളോ ഉപയോഗിച്ചിരുന്നില്ലെന്ന് വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. റോഡ് നിര്‍മാണം കഴിഞ്ഞ് മിക്കയിടവും തകര്‍ന്നിരുന്നു.
എന്‍ജിനീയറിങ് കോളജ് ബസുകളും മറ്റ് സമീപ പ്രദേശങ്ങളിലെ സ്‌കൂള്‍ ബസുകളും അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പൊതുവേ ഇടുങ്ങിയ റോഡില്‍ എതിരെ വാഹനങ്ങള്‍ എത്തിയാല്‍ ചിലപ്പോള്‍ മണിക്കൂറുകളോളം ഗതാഗത തടസവും പതിവാണ്.
പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്ത് വളവുകളും മറ്റും കുറച്ച്കൂടി വീതികൂട്ടി ഗതാഗത പ്രശ്ത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it