thiruvananthapuram local

പിരിമുറുക്കവും മാനസിക സമ്മര്‍ദങ്ങളും കുറയ്ക്കുന്നതിന് ജില്ലാതല കേന്ദ്രങ്ങള്‍ തുടങ്ങും: പോലിസ് മേധാവി



തിരുവനന്തപുരം: മാനസ്സിക സമ്മര്‍ദ്ദങ്ങളും പിരിമുറുക്കവും നേരിടുന്നതിന് സേനാംഗങ്ങളെ പ്രാപ്തരാക്കാന്‍ ജില്ലാതല കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു. കെയര്‍ വേള്‍ഡ് ഫൗണ്ടേഷനുമായി ചേര്‍ന്ന്  ഈ വിഷയത്തില്‍ സേനാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല പരിശീലനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍പരമായും കുടുംബപരമായും സമ്മര്‍ദ്ദങ്ങളും പ്രശ്‌നങ്ങളും പലപ്പോഴും പിരിമുറുക്കവും മാനസിക സമ്മര്‍ദ്ദവും സേനാംഗങ്ങളില്‍ സൃഷ്ടിക്കുന്നു. മികച്ച പ്രവര്‍ത്തനത്തിന് ഇത് പലപ്പോഴും തടസ്സം സൃഷ്ടിക്കാറുണ്ട്. ഇത് മനസ്സിലാക്കി ഈരംഗത്ത് ഒരു കര്‍മ്മപദ്ധതി ആവിഷ്‌കരിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനതലത്തില്‍ വിവിധ കാറ്റഗറികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്കാണ് രണ്ട് ദിവസത്തെ മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനം നല്‍കുന്നത്. ജില്ലാതലത്തില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുടേയും വിദഗ്ധരുടേയും സഹായത്തോടെ പോലീസ് സേനാംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം തുടര്‍ന്ന് നല്‍കും. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പോലീസ് സംവിധാനത്തിലുള്ള പരിമിതികള്‍ പരിഹരിക്കുക, സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നിവയ്‌ക്കൊപ്പം സേനാംഗങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും കായികക്ഷമതയും മെച്ചപ്പെടുത്തുന്നതും ആവശ്യമാണെന്നുള്ള കാഴ്ച്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിശീലനം. ചടങ്ങില്‍ പോലീസ് ട്രെയിനിങ് കോളേജ് പുറത്തിറക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഡോ ജോര്‍ജ്ജ് ഓണക്കൂറിന് നല്‍കി ലോക്‌നാഥ് ബെഹറ നിര്‍വ്വഹിച്ചു. ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.  എഡിജിപി ഡോ. ബി സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. എ ഡിജിപി എസ് ആനന്ദകൃഷ്ണന്‍, ഐജി ദിനേന്ദ്ര കശ്യപ്, പോലീസ് ട്രെയിനിങ് കോളേജ്  പ്രിന്‍സിപ്പാള്‍ കെ സേതുരാമന്‍,  കെയര്‍വേള്‍ഡ് ഫൗണ്ടേഷന്‍ രക്ഷാധികാരി ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍,  പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍  ഡെപ്യൂട്ടി ഡയറക്ടര്‍ പി എസ് രാജശേഖരന്‍, പേരൂര്‍ക്കട മെ ന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് ഡോ. സാഗര്‍ റ്റി, സംസ്ഥാന മാനസികാരോഗ്യപരിപാടി നോഡല്‍ ഓഫീസര്‍  ഡോ കിരണ്‍ പി എസ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ ജയപ്രകാശ് ബി, കെയര്‍ വേള്‍ഡ് ഫൗണ്ടേഷന്‍ പ്രസിഡന്റ് വി രാജ്‌മോഹന്‍ ,  സെക്രട്ടറി ജി രവീന്ദ്രന്‍ പിള്ള, പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡി കെ പ്രിഥ്വിരാജ്, പോലീസ് അസ്സോസിയേഷന്‍ പ്രസിഡന്റ് റ്റി എസ് ബൈജു, പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അനില്‍ ശ്രീനിവാസ്  പങ്കെടുത്തു.
Next Story

RELATED STORIES

Share it