Flash News

പിരിച്ചു വിടല്‍ : റബര്‍ ബോര്‍ഡ് കെട്ടിടത്തിനു മുകളില്‍ ജീവനക്കാരുടെ ആത്മഹത്യാഭീഷണി



കോട്ടയം: റബര്‍ ബോര്‍ഡിന് കീഴിലെ റബര്‍ ഫാക്ടറിയില്‍നിന്ന് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച താല്‍ക്കാലിക ജീവനക്കാര്‍ ആത്മഹത്യാഭീഷണിയുമായി കെട്ടിടത്തിന് മുകളില്‍ നിലയുറപ്പിച്ചത് മണിക്കൂറുകളോളം നഗരത്തെ മുള്‍മുനയിലാക്കി. ഇന്നലെ രാവിലെ 11.30ഓടെയാണ് റബര്‍ ഫാക്ടറിയിലെ അഞ്ച് താല്‍ക്കാലിക ജീവനക്കാര്‍ കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനമന്ദിരത്തിന് മുകളില്‍ക്കയറി ഭീഷണി മുഴക്കിയത്. ജോലി നഷ്ടപ്പെട്ടാല്‍ തങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. റബര്‍ ബോര്‍ഡ് മേഖലാ ഓഫിസുകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പരിപാടികള്‍ റബര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ നടക്കുന്നതിനിടെയാണ് സംഭവം. ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. മൂന്നുമണിക്കൂറിനുശേഷം റബര്‍ ബോര്‍ഡ് ചെയര്‍മാനും സെക്രട്ടറിയും സമരക്കാരുമായി ചര്‍ച്ച നടത്തുകയും ലേബര്‍ കോടതിയുടെ വിധി വരുന്നതുവരെ പിരിച്ചുവിടല്‍ നോട്ടീസ് മരവിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ കെട്ടിടത്തിന് മുകളില്‍നിന്ന് താഴെയിറക്കി. റബര്‍ ഫാക്ടറിയിലെ 41 താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് ഈമാസം 26ന് മുമ്പ് പിരിഞ്ഞുപോവണമെന്ന് കാണിച്ച് റബര്‍ ബോര്‍ഡ് നോട്ടീസ് നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it