Alappuzha local

പിന്‍വാതില്‍ നിയമനം; ഫ്‌ളോട്ടിങ് ഹോമിയോ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

കുട്ടനാട്: ഫ്‌ളോട്ടിങ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ജോലി ചെയ്തു വന്നിരുന്ന കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. ഈ ഒഴിവിലേക്ക് പിന്‍വാതില്‍ നിയമനം നടത്തുകയും ചെയ്തു. കുട്ടനാട്ടിലെ തുരുത്തുകളിലേയ്ക്കും റോഡ് മാര്‍ഗം എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലേയ്ക്കും ബോട്ടില്‍ ചെന്ന് ചികില്‍സ നടത്തുന്ന പദ്ധതിയാണ് ഫ്‌ളോട്ടിങ്.
2013 മുതല്‍ ഇത് കാര്യക്ഷമമായി നടക്കുന്നുവെന്ന് മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ ജനസമ്മതിയുണ്ടായതിനാല്‍ ഹരിപ്പാട്, ചമ്പക്കുളം എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരുന്നു. പലപ്പോഴായി 10 പേരെകരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. ഇതില്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള എട്ടുപേരെയാണ് ഇപ്പോള്‍ പിരിച്ചു വിട്ടിരിക്കുന്നത്.
പിരിച്ചു വിടുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദപോലും കാട്ടിയില്ലെന്നാണ് കരാര്‍ ജീവനക്കാര്‍ പറയുന്നത്. തിരുവനന്തപുരത്തെ ഹോമിയോ ഡയറക്ടറുടെ ഓഫിസില്‍ നിന്നും യാതൊരു തരത്തിലുളള നിര്‍ദേശവും വരാതെ തന്നെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസറും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇത്തരത്തില്‍ നടപടിയെടുത്തിരിക്കുന്നതെന്ന് കാട്ടി ഇവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ശമ്പളം നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it