പിന്മാറ്റം കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിഎംആര്‍സിയുടെ പിന്‍മാറ്റം ലൈറ്റ് മെട്രോ പദ്ധതിയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ കാലാവധി അവസാനിച്ചതിനാലാണ് ഡിഎംആര്‍സി പിന്‍മാറിയത്. ഡിഎംആര്‍സി ഏറ്റെടുത്തു നടത്തിയ കൊച്ചി മെട്രോ പദ്ധതി നഷ്ടത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികവശം കൂടി പരിശോധിച്ചായിരിക്കും ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടുപോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിഎംആര്‍സിയുടെ പിന്‍മാറലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വി എസ് ശിവകുമാര്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഡിഎംആര്‍സി തയ്യാറാക്കിയ പദ്ധതിരേഖ സര്‍ക്കാര്‍ അംഗീകരിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്ര സര്‍ക്കാരിന് വിശദമായ പദ്ധതിരേഖയും സമഗ്ര ഗതാഗത പദ്ധതി റിപോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. അതിനാവശ്യമായ സ്ഥലമെടുപ്പും മറ്റു കാര്യങ്ങളും മുന്നോട്ടുപോയിട്ടുണ്ട്.
എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ മെട്രോ നയത്തിന് അനുസൃതമായി പദ്ധതിയില്‍ മാറ്റങ്ങള്‍ ആവശ്യമായിവന്നു. ഡിഎംആര്‍സി തയ്യാറാക്കിയ അനുബന്ധരേഖ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ പരിശോധനയ്ക്കുശേഷം ഇത് കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it