Editorial

പിന്നെ എന്തിനായിരുന്നുദുരന്ത നിവാരണ വിഭാഗം?

കേരള തീരത്തെയും ലക്ഷദ്വീപിനെയും ഭീതിയിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതങ്ങള്‍ക്ക് ഇപ്പോഴും അറുതിയായിട്ടില്ല. അത് അനേകം പേരുടെ ജീവന്‍ അപഹരിക്കുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം വരുത്തിവയ്ക്കുകയും ചെയ്തു. ഈ വരികള്‍ കുറിക്കുമ്പോഴും മല്‍സ്യബന്ധനത്തിനു പോയ പലരും കടലില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. തിരികെ വരാത്തവരുടെയും കൃത്യമായി  വിവരങ്ങള്‍ പോലും തിട്ടപ്പെടുത്താന്‍ കഴിയാത്തവരുടെയും കാര്യത്തിലുള്ള ആശങ്ക തുടരുകയാണ്. പ്രകൃതിദുരന്തങ്ങളെ നേരിടുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനം എത്ര അപര്യാപ്തവും നിരുത്തരവാദപരവുമാണെന്ന യാഥാര്‍ഥ്യം ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നതായിരുന്നു പിന്നിട്ട ദിവസങ്ങള്‍. ദുരന്തങ്ങളില്‍ ജീവഹാനിയടക്കമുള്ള അത്യാഹിതങ്ങളും നമ്മുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള വന്‍ നഷ്ടങ്ങളും സംഭവിക്കുക സ്വാഭാവികമാണ്. എന്നാല്‍, ദുരന്തനിവാരണത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള സംവിധാനങ്ങള്‍ തന്നെ ഫലപ്രദമായി ഏകോപിപ്പിക്കാനും പ്രയോജനപ്പെടുത്താനും കഴിയാതെ വരുന്നതിന് ആരാണ് ഉത്തരവാദികള്‍? കാര്യക്ഷമവും ശാസ്ത്രീയവുമായ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്നും നമുക്കില്ല. മുമ്പു കേരള തീരത്തെ സുനാമി വിഴുങ്ങിയപ്പോള്‍ ഉണ്ടായ അനുഭവപാഠങ്ങളില്‍ നിന്ന് നാം ഒന്നും തന്നെ സ്വായത്തമാക്കിയിട്ടില്ലെന്നത് ഞെട്ടിക്കുന്ന സത്യമാണ്. ഓഖി ചുഴലിക്കാറ്റിനു മുന്നോടിയായി മധ്യകേരളത്തിലും തെക്കോട്ടും ദൃശ്യമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൃത്യമായ സൂചനകളായിരുന്നിട്ടും സംസ്ഥാന ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും ജാഗരൂകരായില്ല എന്ന വിമര്‍ശനം അടിസ്ഥാനരഹിതമല്ല. ഉറ്റവരുടെയും ഉടയവരുടെയും നിലവിളികള്‍ക്കും ആവലാതികള്‍ക്കും ചെവികൊടുക്കാന്‍ ഉത്തരവാദപ്പെട്ടവരെ കാണാനില്ലായിരുന്നു. മുഖ്യമന്ത്രി അധ്യക്ഷനും റവന്യൂമന്ത്രി ഉപാധ്യക്ഷനുമായിട്ടുള്ള ദുരന്തനിവാരണ അതോറിറ്റി യോഗം ചേരുന്നതു തന്നെ ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ ആരംഭിച്ചപ്പോഴാണ്. ബന്ധപ്പെട്ടവര്‍ വിവരം മുന്‍കൂട്ടി അറിയിച്ചെന്നും അറിയിച്ചില്ലെന്നുമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ആകാശത്ത് മഴക്കാറ് കണ്ടാല്‍പ്പോലും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നു മുന്നറിയിപ്പു നല്‍കുന്നവര്‍ ദുരന്തത്തിന്റെ വ്യക്തമായ സൂചനകള്‍ പ്രകടമായിട്ടും യാതൊരു ജാഗ്രതാ മുന്നറിയിപ്പും നല്‍കിയില്ല. ഇതിനേക്കാളെല്ലാം വിമര്‍ശനവിധേയമായത് തലസ്ഥാനത്തുണ്ടായിരുന്നിട്ടും ദുരന്തമേഖലയിലേക്ക് തിരിഞ്ഞുനോക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടിയാണ്. റവന്യൂ-ആഭ്യന്തര വകുപ്പുകളുടെ ഏകോപനം പാളിയതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തന്നെയാണ്. കടലറിവുള്ള പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ സേനയ്‌ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാതിരുന്നതു വിമര്‍ശനത്തിന് വഴിവച്ചു. സര്‍ക്കാരിനെ ത്വരിത നടപടികള്‍ക്കു പ്രേരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് ദേശീയപാത വരെ ഉപരോധിക്കേണ്ടിവന്നു. വിദഗ്ധരെ ഒഴിവാക്കി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കുത്തിനിറച്ച ദുരന്തനിവാരണ അതോറിറ്റികള്‍ നോക്കുകുത്തികളാവുകയും ഭരണനേതൃത്വം ദുരിതമേഖലയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന ദുരവസ്ഥ ഭാവിയിലെങ്കിലും ഒഴിവാക്കേണ്ടതാണ്.
Next Story

RELATED STORIES

Share it