പിന്നില്‍നിന്നു കുത്ത് നടപ്പാക്കിയത് ആരെന്ന് മാണി ആത്മപരിശോധന നടത്തണം; വിമര്‍ശനവുമായി ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: പിന്നില്‍ നിന്നുള്ള കുത്ത് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നടപ്പാക്കിയത് ആരാണെണ് കെ എം മാണി ആത്മപരിശോധന നടത്തണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. കോട്ടയം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നില്‍നിന്നു കുത്ത് ആരാണ് ഏറ്റവും കൂടുതല്‍ നടപ്പാക്കിയതെന്ന് കഴിഞ്ഞ അര നൂറ്റാണ്ടിലെ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ളവര്‍ക്കും അണികള്‍ക്കും നന്നായി അറിയാം. കെ എം മാണിക്ക് 84 വയസ്സാവുന്ന ഈ കാലത്തെങ്കിലും പിന്നില്‍നിന്നുള്ള കുത്ത് സംബന്ധിച്ച് ആത്മപരിശോധന നടത്തണമെന്നാണ് തന്റെ ആവശ്യം. ബാര്‍ക്കോഴ ആരോപണം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ കെ എം മാണി രാജിവയ്ക്കണമെന്ന് താനുള്‍പ്പെട്ട ന്യൂനപക്ഷം ആവശ്യപ്പെട്ടതാണ്. അല്ലെങ്കില്‍ അതു തീരാകളങ്കമാവുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അതിനു തയ്യാറായില്ല. ഒടുവില്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടപ്പോഴാണ് അതിനു തയ്യാറായത്. അപ്പോഴും പാര്‍ട്ടിയിലെ ഒരു എംഎല്‍എയെ പകരക്കാരനായി ആ സ്ഥാനത്തേക്കു കൊണ്ടുവന്നില്ല.
കോഴ ആരോപണം തെറ്റാണെങ്കില്‍ അത് ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നു വിശദീകരിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് വേണ്ടെന്ന് ആദ്യം പറഞ്ഞത് പി സി ജോര്‍ജും അതു കേട്ടിട്ട് മിണ്ടാതിരുന്നത് പാര്‍ട്ടി ലീഡര്‍ കെ എം മാണിയുമാണ്. തിരഞ്ഞെടുപ്പില്‍ സീറ്റ് വേണ്ടെന്നു വയ്ക്കുന്നത് കേട്ടുകേഴ്‌വി പോലുമില്ല.
ബാര്‍ക്കോഴ ആരോപണത്തിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണ റിപോര്‍ട്ടിനെക്കുറിച്ച് ആദ്യം കെ എം മാണി പ്രതികരിക്കട്ടെ. ഈ ഘട്ടത്തില്‍ അന്വേഷണ റിപോര്‍ട്ടിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അരനൂറ്റാണ്ടു പിന്നിട്ട കേരളാ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it