kannur local

പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം അനിവാര്യം: മന്ത്രി

ശ്രീകണ്ഠപുരം:  ജനസംഖ്യയിലെ 10 ശതമാനം വരുന്ന പട്ടികജാതി-പട്ടിക വിഭാഗങ്ങളുടെ പിന്നക്കാവസ്ഥ പരിഹരിക്കാന്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ടെന്ന് മന്ത്രി എ കെ ബാലന്‍. പട്ടിക ജാതി വകുപ്പ് കോട്ടൂരില്‍ നിര്‍മിച്ച പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെടുന്ന 20400 വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നുണ്ട്. ഇതിനായി 142 ഹോസ്റ്റലുകള്‍ ഒരുക്കി. ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. വാടകയ്ക്ക് താമസിക്കുന്ന കുട്ടികള്‍ക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കുന്ന പ്രവൃത്തിയും നിലവിലുള്ള ഹോസ്റ്റലുകളുടെ നവീകരണ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്.
എസ്‌സി, എസ്ടി വിദ്യാഭ്യാസത്തില്‍ മുന്നിലാണ് കേരളം. മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് സമാനമായി മോഡേണ്‍ റസിഡന്‍ഷ്യല്‍ കോളജുകള്‍ ആരംഭിക്കണം. രണ്ടുലക്ഷം രൂപ വീതം ചെലവില്‍ 25000 പഠനമുറികള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചു. ആദിവാസി കോളനികളില്‍ ഊരടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി പഠന മുറികളായിരിക്കും നിര്‍മിക്കുക.
തിരഞ്ഞെടുത്ത കോളനികള്‍ നവീകരിക്കാന്‍ ഒരു കോളനിക്ക് ഒരുകോടി രൂപ വീതം നല്‍കും. ഒരോ മണ്ഡലത്തില്‍നിന്ന് രണ്ട് കോളനികള്‍ വീതം എം എല്‍എമാര്‍ക്ക് തിരഞ്ഞെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ സി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി,  ശ്രീകണ്ഠപുരം നഗരസഭ ചെയര്‍മാന്‍ പി പി രാഘവന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ കെ ഷാജു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം വി വിജയലക്ഷ്മി സംസാരിച്ചു.
Next Story

RELATED STORIES

Share it