പിന്തുണയുമായി വൈദികരും സമരപ്പന്തലില്‍

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ വൈദികര്‍ സമരപ്പന്തലിലെത്തി.
കന്യാസ്ത്രീകളുടെ സമരത്തെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഇറക്കിയ സര്‍ക്കുലറിനെ തള്ളിക്കൊണ്ടാണ് സമരത്തിന്റെ എട്ടാം ദിവസമായ ഇന്നലെ സിറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ എട്ടു വൈദികര്‍ സമരപ്പന്തലിലെത്തി കന്യാസ്ത്രീകള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ഇവര്‍ക്കു പുറമേ മാര്‍ത്തോമ സഭയിലെ വൈദികരും പിന്തുണയുമായി സമരം നടക്കുന്ന ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ എത്തിയിരുന്നു. സഭയ്ക്കു കീഴിലെ പുരോഹിതരും കന്യാസ്ത്രീകളും സമരത്തിനെത്തുമെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് സമര സമിതി അറിയിച്ചിരുന്നുവെങ്കിലും എത്ര പേര്‍ എത്തുമെന്ന് വ്യക്തതയില്ലായിരുന്നു.
ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് ഫാ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും സഭയ്ക്കുള്ളില്‍ മറ്റ് ചുമതലകള്‍ വഹിക്കുന്നവരുമായ ഫാ. ജോസഫ് പാറേക്കാട്ടില്‍, ഫാ. ജോയ്‌സി കൈതക്കൂട്ടില്‍, ഫാ. ജിമ്മി കക്കാട്ടുചിറ, ഫാ. ബെന്നി മാരപ്പറമ്പില്‍, ഫാ. കുര്യന്‍ കുരിശിങ്കല്‍, ഫാ. പോള്‍ ചിറ്റിലപ്പിള്ളി, ഫാ. ടോണി കല്ലൂക്കാരന്‍, ഫാ. രാജന്‍ പുന്നയ്ക്കല്‍, ഫാ. ചെറിയാന്‍ വര്‍ഗീസ് എന്നിങ്ങനെ എട്ട് വൈദികര്‍ സമരപ്പന്തലിലേക്ക് എത്തിയത്. ഇവരെ കൂടാതെ മറ്റ് സന്യാസിനി സഭകളില്‍ നിന്നുള്ള സിസ്റ്റര്‍ ടീന ജോസും സിസ്റ്റര്‍ എമില്‍ഡയും വേദിയില്‍ എത്തിയിരുന്നു.
എന്നാല്‍, എറണാകുളം അങ്കമാലി അതിരൂപതയിലെ മറ്റ് കന്യാസ്ത്രീകളാരും പിന്തുണയുമായി എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. കന്യാസ്ത്രീകള്‍ നടത്തുന്ന സമരെത്ത പിന്തള്ളി കഴിഞ്ഞ ദിവസം കെസിബിസി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു മറികടന്ന് എത്ര വൈദികര്‍ പങ്കെടുക്കുമെന്ന ആശങ്ക സമരസമിതിക്ക് ഉണ്ടായിരുന്നുവെങ്കിലും ഫാ. പോള്‍ തേലക്കാട്ട് ഉള്‍പ്പെടെ എട്ട് പേര്‍ പിന്തുണയുമായെത്തിയത് വിജയമാണെന്ന് സമരസമിതി ഭാരവാഹികള്‍ അവകാശെപ്പട്ടു. സമരത്തിന്റെ ഒന്നാം ദിവസവും വേദിയിലെത്തി ഫാ. പോള്‍ തേലക്കാട്ട് പിന്തുണ അറിയിച്ചിരുന്നു.
കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സഭയ്‌ക്കെതിരേയുള്ളതല്ലെന്നും നീതിക്കു വേണ്ടിയുള്ളതാണെന്നുമായിരുന്നു വേദിയില്‍ സംസാരിച്ച വൈദികരുടെ നിലപാട്. കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം മനസ്സിലാക്കുന്നുവെന്ന് ഫാ. ജിമ്മി കക്കാട്ടുചിറ പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കാതിരിക്കുന്നത് സഭ മുന്‍കാലത്ത് ചെയ്ത നല്ല കാര്യങ്ങള്‍ വിസ്മരിക്കുന്നതിന് ഇടയാക്കുമെന്ന് ഫാ. ബെന്നി മാറപ്പറമ്പില്‍ പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കുകയെന്നത് ഏവരുടെയും കര്‍ത്തവ്യമാണ് എന്നായിരുന്നു ഫാ. ജോയ്‌സ് കൈതക്കൂട്ടിലിന്റെ പ്രതികരണം.
മാര്‍ത്തോമാ സഭയെ പ്രതിനിധികരിച്ച് ഫാ. വൈറ്റി വിനയരാജിന്റെ നേതൃത്വത്തില്‍ ഫാ. സജി തോമസ്, ഫാ. റെനി വര്‍ഗീസ്, ജെറിന്‍ പാലത്തിങ്കല്‍ എന്നിവരും സമരത്തിനു പിന്തുണയുമായി എത്തിയിരുന്നു. തുടര്‍ന്ന് സമരക്കാരുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജങ്ഷനില്‍ നടന്ന നില്‍പുസമരത്തിലും പങ്കെടുത്താണ് വൈദികര്‍ മടങ്ങിയത്.

Next Story

RELATED STORIES

Share it