പിതാവ് തെളിച്ച വഴിയില്‍ പതറാതെ നായനാരുടെ മകള്‍ ഉഷ പ്രവീണ്‍

കൊച്ചി: കന്നിയങ്കമാണെങ്കിലും പരിചയക്കുറവ് തെല്ലുമില്ല ഉഷ പ്രവീണിന്. കാരണം രാഷ്ട്രീയവഴിയില്‍ അച്ഛന്‍ തെളിച്ച മാര്‍ഗം മുന്നിലുള്ളപ്പോള്‍ പതറേണ്ട ആവശ്യമില്ലെന്ന് മകള്‍ക്കറിയാം.
പതിറ്റാണ്ടിലധികം കേരളം ഭരിച്ച മുന്‍മുഖ്യമന്ത്രിയോടുള്ള സ്‌നേഹവും ബഹുമാനവും എല്ലാം വോട്ടര്‍മാര്‍ തനിക്കും നല്‍കുന്നുണ്ടെന്ന് ഉഷ പറയുന്നു. കൊച്ചി കോര്‍പറേഷന്‍ 61ാം ഡിവിഷന്‍ രവിപുരത്ത് നിന്നാണ് ഉഷ മല്‍സരിക്കുന്നത്. ആളുകള്‍ നായനാരുടെ മകളല്ലേ എന്ന ചോദ്യത്തോടെ ഉഷയെ അകത്തേക്കു ക്ഷണിക്കുന്നു. സംസാരിക്കാനും കൂടെ നിന്ന് സെല്‍ഫി എടുക്കാനും ആളുകള്‍ മല്‍സരിക്കുകയാണ്. ഈ സ്‌നേഹവായ്പുകള്‍ എല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് ഉഷയ്ക്കുള്ളത്. രണ്ടോ മൂന്നോ പേരുമായി തുടങ്ങുന്ന പ്രചാരണം അവസാനിക്കുമ്പോള്‍ നൂറിലധികം പേരുടെ ജാഥയായി മാറും. ഓട്ടോത്തൊഴിലാളികളും ഉഷയ്ക്കായി പ്രചാരണം നടത്തുന്നുണ്ട്.
രാവിലെ 7 മുതല്‍ 9.30വരെയും വൈകീട്ട് 5 മുതല്‍ 8 വരെയുമാണു പ്രചാരണം. മറ്റു സമയങ്ങളില്‍ വീടുകളില്‍ പോയാലും വോട്ടര്‍മാരെ നേരില്‍ കാണാന്‍ കഴിയാത്തതിനാലാണ് ഈ സമയം തിരഞ്ഞെടുത്തതെന്ന് ഉഷ പറഞ്ഞു. 465 വീടുകളും 3,702 വോട്ടര്‍മാരുമാണ് ഡിവിഷനിലുള്ളത്. ഇനി രണ്ടാംഘട്ട പ്രചാരണമാണ്. കുടുംബയോഗങ്ങള്‍ക്കാണു രണ്ടാംഘട്ടത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. അമ്മ ശാരദ ടീച്ചറും കുടുംബയോഗങ്ങളില്‍ പങ്കെടുക്കും. ഭര്‍ത്താവ് പ്രവീണ്‍ മേനോനും മക്കളായ അങ്കിതയും ഗോകുലും പ്രചാരണത്തിനിറങ്ങുന്നുണ്ട്.
Next Story

RELATED STORIES

Share it