പിതാവ് കരള്‍ പകുത്തു നല്‍കി; തന്മയിക്കിതു രണ്ടാംജന്മം

കൊച്ചി: കരള്‍ പകുത്ത് നല്‍കി 'കരളിനെ' തിരിച്ചെടുത്ത സന്തോഷത്തിലാണ് കര്‍ണാടക ഹെബ്ബഗുഡിയില്‍ കാര്‍ഡ്രൈവറായ മഞ്ജുനാഥും ഭാര്യ ദീപികയും. 2015 ജൂണിലാണ് മഞ്ജുവും ദീപികയും കുഞ്ഞുമോന്‍ തന്മയിയുടെ വയര്‍ വീര്‍ത്തിരിക്കുന്നതായി ശ്രദ്ധിക്കുന്നത്. വിദഗ്ധ പരിശോധനയില്‍ ഹെപ്പറ്റോബ്ലാസ്‌റ്റോമ എന്ന വളരെ അപൂര്‍വമായ കരള്‍ കാന്‍സറാണ് പത്തുമാസം മാത്രം പ്രായമുള്ള തന്‍മയിക്കെന്ന സത്യം ദമ്പതികളെ തളര്‍ത്തിക്കളഞ്ഞു. തന്മയിയുടെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ മാറ്റിവയ്ക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
തുച്ഛ വരുമാനം മാത്രമുള്ള മഞ്ജുനാഥിനെ സഹായിക്കാന്‍ സുഹൃത്തുക്കളും ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരുമെല്ലാം തയ്യാറായി. കരള്‍ മാറ്റിവച്ചതിനുശേഷം കാന്‍സര്‍ വീണ്ടും വരുന്നതിനുള്ള സാധ്യകള്‍ കുറയ്ക്കാനായി ശസ്ത്രക്രിയയ്ക്കു മുമ്പുതന്നെ കോമ്പിനേഷന്‍ കീമോതെറാപ്പി തുടങ്ങിയിരുന്നു. കീമോതെറാപ്പി വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം തന്മയിയെ ഏപ്രില്‍ 6ന് ജീവനുള്ള ദാതാവില്‍നിന്നുള്ള കരള്‍ മാറ്റി വയ്ക്കുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയക്കു വിധേയനാക്കി. തന്മയിയും അച്ഛന്‍ മഞ്ജുനാഥും ശസ്ത്രക്രിയക്കുശേഷം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. രണ്ടുപേരും മികച്ച രീതിയില്‍ സുഖംപ്രാപിച്ചു.
മേയ് ആദ്യ ആഴ്ചയില്‍ തന്മയിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
തന്മയിയുടെ കരളിന്റെ വളരെ വലിയൊരു ഭാഗം ട്യൂമര്‍ കവര്‍ന്നെടുത്തതിനാല്‍ ശസ്ത്രക്രിയ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഹെപ്പറ്റോബൈലറി ആന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു.
Next Story

RELATED STORIES

Share it