പിതാവിനെ വെട്ടിക്കൊന്ന കേസ് മകള്‍ക്ക് ജീവപര്യന്തം കഠിനതടവ്

തൊടുപുഴ: പിതാവിനെ വെട്ടിക്കൊന്ന മകള്‍ക്ക് ജീവപര്യന്തം കഠിന തടവ്. കഞ്ഞിക്കുഴി വെണ്‍മണി കൂവക്കണ്ടത്തില്‍ അമ്മിണി (60)യെയാണ് തൊടുപുഴ നാലാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ശിക്ഷിച്ചത്. പ്രതിയുടെ പിതാവ് യാക്കോബി (79)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ.
2011 ജനുവരി ആറിന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അമ്മിണിയും പിതാവ് യാക്കോബും വീടിനു സമീപത്തുള്ള പുരയിടത്തില്‍ കാപ്പിക്കുരു പറിക്കുകയായിരുന്നു. ഈ സമയത്ത് കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അമ്മിണി യാക്കോബിനെ വെട്ടുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ യാക്കോബ് സംഭവസ്ഥലത്തു മരിച്ചു. ബഹളം കേട്ട് യാക്കോബിന്റെ ഭാര്യ മറിയാമ്മ എത്തിയപ്പോള്‍ യാക്കോബ് മരിച്ചുകിടക്കുന്നതാണു കണ്ടത്. ഈ സമയം അമ്മിണി വെട്ടാനുപയോഗിച്ച വെട്ടുകത്തി വീടിനുള്ളില്‍ വച്ചശേഷം വീടുവിട്ടു പോയിരുന്നു.
കഞ്ഞിക്കുഴി സിഐയായിരുന്ന എ ഡി മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അടുത്ത പുരയിടത്തില്‍ മരച്ചീനി ഇടുന്നതിനെ ചൊല്ലി യാക്കോബും അമ്മിണിയുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കേസില്‍ 20 സാക്ഷികളുണ്ടായിരുന്നു. ഇതില്‍ 11 പേരെ വിസ്തരിച്ചു. പ്രതി അമ്മിണിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ഇതിനായി അമ്മിണിയുടെ സഹോദരന്‍ തമ്പാനെ പ്രതിഭാഗം സാക്ഷിയാക്കിയിരുന്നു. എന്നാല്‍, പ്രോസിക്യുഷന്റെ വിസ്താരത്തില്‍ തമ്പാന്റെ മൊഴിയില്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് രക്തക്കറ ലഭിച്ചതും ശാസ്ത്രീയ തെളിവായി കോടതി പരിഗണിച്ചു. അമ്മിണിയുടെ മാതാവ് മറിയാമ്മയും വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.
Next Story

RELATED STORIES

Share it