പിതാവിനെ പോലിസ് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചു;  മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: കള്ളക്കേസില്‍ കുടുക്കി പിതാവിനെ പോലിസ് മര്‍ദ്ദിച്ചെന്നാരോപിച്ച് മകന്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കതൃക്കടവിലായിരുന്നു സംഭവം. പുത്തന്‍വേലിക്കര മഞ്ഞപ്രയില്‍ വാടകയ്ക്കു താമസിക്കുന്ന ചെറായി സ്വദേശിയായ ഷൈനെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് മകന്‍ നിതീഷ് (22) ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയത്.
ഷൈനെ ടയര്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വടക്കേക്കര പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കാതെ എസ്‌ഐയുടെയും സിഐയുടെയും നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് തങ്ങളെ വിളിച്ചുവരുത്തി കുറ്റം സമ്മതിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടതായും ഷൈന്റെ മക്കളായ എബി, ജിബിന്‍, നിതീഷ് എന്നിവര്‍ പറഞ്ഞു. കേസില്‍ തങ്ങളില്‍ ഒരാളെക്കൂടി പ്രതിയാക്കുമെന്ന് പോലിസ് പറയുന്നതു കേട്ടതിനെ തുടര്‍ന്ന് മൂവരും ചേര്‍ന്ന് ആത്മഹത്യക്കു തയ്യാറാവുകയായിരുന്നു. മൂവരും ചേര്‍ന്ന് കതൃക്കടവിലെ കെട്ടിടത്തിനു മുകളില്‍ കയറി. ഇവിടെ നിന്ന് ഇതില്‍ ഏറ്റവും ഇളയ സഹോദരനായ നിതീഷ് ടവറിനു മുകളിലേക്കു കയറുകയായിരുന്നു. പോലിസ് കമ്മീഷണര്‍ വന്ന് ഉറപ്പുതന്നാല്‍ മാത്രമെ താന്‍ ഇറങ്ങിവരുകയുള്ളൂ എന്ന് നിതീഷ് അറിയിച്ചു. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്തെത്തി പിതാവിനെ കാണാന്‍ അനുവദിക്കാമെന്നും മക്കള്‍ക്കെതിരേ കേസെടുക്കില്ലെന്നും ഉറപ്പു നല്‍കിയശേഷമാണ് നിതീഷ് ടവറിനു മുകളില്‍ നിന്ന് താഴെ ഇറങ്ങിയത്.
Next Story

RELATED STORIES

Share it