kannur local

പിണറായി സര്‍ക്കാര്‍ അധികാരത്തിലേക്ക്: പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യമാവുമെന്ന് പ്രതീക്ഷ

ഇരിക്കൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ ഇടതുമുന്നണി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയേറുന്നു. ഉത്തരമലബാറിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് രൂപരേഖ തയ്യാറാക്കുകയും വൈദ്യുതി വകുപ്പ് ഭരണാനുമതി നല്‍കുകയും ചെയ്ത പദ്ധതിയാണിത്. 79.85 കോടി യുടെ ഭരണാനുമതിയാണ് അന്നു ലഭിച്ചത്.
പഴശ്ശി ജലസംഭരണിക്കടുത്ത് മൂന്ന് ഹെക്ടറാണ് ചെറുകിട ജലവൈദ്യുത പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ആറുമാസം കൊണ്ട് നിര്‍മാണ പ്രവൃത്തി നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആറുവര്‍ഷം മുമ്പ് ശ്രമമാരംഭിച്ച പദ്ധതിയുടെ സര്‍വേ നടപടികള്‍ ഒന്നര വര്‍ഷം മുമ്പാണ് തുടങ്ങിയത്. കണ്ണൂര്‍ വിമാനത്താവളം, മട്ടന്നൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ധര്‍മടം, കണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമാവുമെന്ന നിലയിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്.—
പഴശ്ശി റിസര്‍വോയറില്‍ നിന്ന് പാഴാവുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. വര്‍ഷത്തില്‍ ആറുമാസം സജീവമായി വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. പ്രതിവര്‍ഷം 25 മില്യണ്‍ യൂനിറ്റ് വൈദ്യുതി ലഭിക്കും. മൂന്ന് ടണലുകള്‍ നിര്‍മിച്ച് പദ്ധതിക്കാവശ്യമായ വെള്ളം ജലസംഭരണിയില്‍ നിന്നു ശേഖരിക്കും. ജലസേചനം, കുടിവെള്ള വിതരണം എന്നിവയെ ബാധിക്കാതിരിക്കാന്‍ വേനല്‍ക്കാലത്ത് വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവയ്ക്കും. ഒരു സെക്കന്റില്‍ 86 ക്യൂബിക് മീറ്റര്‍ ശക്തിയില്‍ വെള്ളം ലഭ്യമാക്കിയാണ് പ്രതിവര്‍ഷം ഇത്രയും വൈദ്യുതി ഉല്‍പാദിപ്പിക്കുക.
17.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം ലക്ഷ്യമിടുന്ന പഴശ്ശി സാഗര്‍ പദ്ധതി ഏതാനും മാസം മുമ്പ് കമ്മീഷന്‍ ചെയ്ത 1.—5 മെഗാവാട്ട് ശേഷിയുള്ള ആറളം ബാരാപോള്‍ ജലസേചന വൈദ്യുത പദ്ധതിയേക്കാള്‍ ഉപകാരപ്പെടുമെന്ന് കെഎസ്ഇബി അധികൃതര്‍ അവകാശപ്പെടുന്നു. പാരമ്പര്യേതര ഊര്‍ജ വകുപ്പ് മന്ത്രാലയത്തില്‍ നിന്ന് 20 കോടി ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്ന് പദ്ധതി പൂര്‍ത്തിയാക്കാനാവശ്യമായ തുക കണ്ടെത്താനാവുമെന്നാണ് അധികൃതരുടെ വാദം. പഴശ്ശി സാഗര്‍ ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതോടെ ഊര്‍ജോല്‍പാദന ഭൂപടത്തില്‍ കണ്ണൂര്‍ ജില്ലയും പഴശ്ശി അണക്കെട്ടും ശ്രദ്ധേയസ്ഥാനം നേടും. മുന്‍ വൈദ്യുതി മന്ത്രി കൂടിയായിരുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയില്‍ നിന്ന് മന്ത്രിമാരാവുന്ന ഇ പി ജയാരാജനും കെ കെ ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനുമുള്ളപ്പോള്‍ പഴശ്ശി സാഗര്‍ ജലവൈദ്യുതി പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാകുമെന്ന വിശ്വാസത്തിലാണ് ജനം.
Next Story

RELATED STORIES

Share it