kannur local

പിണറായി സര്‍ക്കാരിനു സവര്‍ണ പ്രീണനം: തുളസീധരന്‍ പള്ളിക്കല്‍

കണ്ണൂര്‍: മനുസ്മൃതിക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന്റെ സവര്‍ണ പ്രീണനമാണ് മുന്നാക്ക ജാതിസംവരണത്തിലൂടെ വ്യക്തമാവുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. മുന്നാക്ക ജാതിസംവരണം ഭരണഘടനാ വിരുദ്ധം, സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എസ്ഡിപിഐ നടത്തിയ കലക്്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗത്തെ ഉയര്‍ത്തി കൊണ്ടുവരാനാണ് ഭരണഘടനാ ശില്‍പികള്‍ സംവരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ അതിനെ സാമ്പത്തിക സഹായമായി കാണരുത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങളാണു സര്‍ക്കാരുകള്‍ നല്‍കേണ്ടത്. അതിനു പകരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക ജാതിക്കാര്‍ക്ക് സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യയില്‍ ഒരിടത്തും നടപ്പാക്കാത്ത സംവരണമാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള ജാതി സംഘടനകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണിത്. ഇതിനെതിരേ തെരുവുകള്‍ പ്രക്ഷുബ്ധമാവുക തന്നെ ചെയ്യും. ദലിത്-മുസ്്‌ലിം-പിന്നാക്ക സംഘടനകള്‍ നടത്തുന്ന യോജിച്ച പോരാട്ടാത്തിനു എസ്ഡിപിഐ സര്‍വപിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍, മാധ്യമപ്രവര്‍ത്തകന്‍ ഷാജി പാണ്ട്യാല, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി എ സി ജലാലുദ്ദീന്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ഫൈസല്‍, പി കെ ഫാറൂഖ്, സി കെ ഉമര്‍ മാസ്റ്റര്‍, എ ആസാദ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it