പിണറായി വിജയന് സുധീരന്റെ തുറന്നകത്ത്; ലാവ്‌ലിന്‍ കേസില്‍ മൗനം വെടിഞ്ഞ്  പ്രതികരിക്കാന്‍ തയ്യാറാവണം

തിരുവനന്തപുരം: സിപിഎം പിബി അംഗം പിണറായി വിജയന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ തുറന്ന കത്ത്. അഴിമതിക്കെതിരേ ആവര്‍ത്തിച്ച് ശബ്ദമുയര്‍ത്തുന്ന പിണറായി കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയായ ലാവ്‌ലിന്‍ കേസില്‍ മൗനം വെടിയണമെന്ന് സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു. ഈ കേസ് ചര്‍ച്ചയാവുന്നത് പോലും പിണറായിയും സിപിഎമ്മും ഭയപ്പെടുകയാണ്. സര്‍ക്കാരിന്റെ റിവിഷന്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനെ പിണറായി ഭയക്കുന്നുവെന്ന് വ്യക്തമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ പറയുന്നു.
സംസ്ഥാന ഖജനാവിന് 374 കോടികള്‍ നഷ്ടമുണ്ടാക്കിയെന്ന സിഎജി റിപോര്‍ട്ടിലൂടെയാണ് അഴിമതി പുറംലോകം അറിഞ്ഞത്. താങ്കള്‍ ഉള്‍പ്പെടെ കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി സിബിഐ കോടതി വിധി പ്രസ്താവിച്ചു.
വിചാരണയ്ക്ക് മുമ്പേ കേസ് എഴുതിത്തള്ളിയ കോടതി നടപടി ചോദ്യം ചെയ്ത് സിബിഐയും 2 സ്വകാര്യ വ്യക്തികളും റിവിഷന്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹരജി കാലതാമസം കൂടാതെ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.
സിബിഐ കോടതിയുടെ വിധി അന്തിമവിധി പോലെ കണക്കാക്കി താങ്കളെയും മറ്റും മഹത്വവല്‍ക്കരിക്കാനാണ് സിപിഎം നേതാക്കളുടെ ശ്രമം. താങ്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നത് ആരോപണങ്ങളുടെ ശക്തി വിളിച്ചോതുന്നു.
സമര്‍ഥവും ആസൂത്രിതവുമായ തട്ടിപ്പിലൂടെ ലാവ്‌ലിന്‍ കമ്പനിക്ക് വന്‍ സാമ്പത്തിക നേട്ടവും സര്‍ക്കാരിന് ഭീമമായ നഷ്ടവുമുണ്ടാക്കിയത് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനെ താങ്കള്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് അറിയാന്‍ പൊതുസമൂഹത്തിന് കൗതുകമുണ്ട്. ലാവ്‌ലിനില്‍ താങ്കളെയും മറ്റുള്ളവരേയും കുറ്റവിമുക്തമാക്കിയ സിബിഐ കോടതി വിധിയുടെ സാധുതയില്‍ സംശയമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ റിവിഷന്‍ ഹരജിയില്‍ വാദംകേള്‍ക്കുന്നത് അനിശ്ചിതമായി നീട്ടിവയ്ക്കണമെന്ന താങ്കളുടെ ആവശ്യം കേരള സമൂഹം ആശ്ചര്യത്തോടെയാണ് കാണുന്നതെന്നും സുധീരന്‍ കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it