പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് തമിഴ്‌നാട്ടില്‍ കട്ടൗട്ട്

കുമളി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ചു തമിഴ്‌നാട്ടില്‍ കൂറ്റന്‍ കട്ടൗട്ടുകള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി പ്രസ്താവനയെ തുടര്‍ന്നാണ് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ പാതുകാപ്പ് കുഴുവിന്റെ നേതൃത്വത്തില്‍ തെക്കന്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചത്. തേനി ജില്ലയിലെ ലോവര്‍ ക്യാംപ് ഗൂഡല്ലൂര്‍, കമ്പം, ബോഡി നായ്ക്കന്നൂര്‍, കുള്ളപ്പന്‍ കൗണ്ടന്‍ പെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട് മുല്ലപ്പെരിയാര്‍ പാതുകാപ്പ് കുഴുവിന്റെ ചെയര്‍മാന്‍ പ്രഭുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളാ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ചു കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തമിഴ് ജനതയുടെ വികാരം മാനിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയനു നന്ദി രേപ്പെടുത്തിയാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ശില്‍പ്പിയായ കേണല്‍ ജോണ്‍ ഫെന്നി ക്വിക്കിന്റെ ചിത്രത്തിനൊപ്പം പിണറായി വിജയന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് കട്ടൗട്ടുകള്‍.
അണക്കെട്ട് വിഷയത്തില്‍ സുപ്രിംകോടതി ഉന്നതാധികാര സമിതി കണ്ടെത്തലുകള്‍ കേരളത്തിലെ പൊതുപ്രവര്‍ത്തകരില്‍ ശരിയായ രീതിയില്‍ വിലയിരുത്തിയതു പിണറായി വിജയന്‍ മാത്രമാണെന്നു യോഗം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it