പിണറായി വിജയനോട് പ്രത്യേക വിരോധമില്ലെന്ന് കെ എം മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം)ലെ മുന്നണിപ്രവേശനം സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കവെ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള നിലപാട് വ്യക്തമാക്കി ചെയര്‍മാന്‍ കെ എം മാണി. കേരളാ കോണ്‍ഗ്രസ് (എം) മഹാസമ്മേളനം കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യവെയാണ് പിണറായി വിജയനോട് പ്രത്യേക വിരോധമില്ലെന്നു കെ എം മാണി വ്യക്തമാക്കിയത്. പിണറായി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പിന്തുണയ്ക്കും. തെറ്റുചെയ്താല്‍ അതു തുറന്നുപറയും. ഇന്നുവരെ പാര്‍ട്ടിയെ ദ്രോഹിക്കാന്‍ ശ്രമിച്ച ശക്തികളോട് യുദ്ധംചെയ്ത് അസ്ഥിത്വം തെളിയിച്ചിട്ടുണ്ട്. അതു നമ്മുടെ കരുത്താണ്. പാലായിലെയും റാന്നിയിലെയും കര്‍ഷകര്‍ തോട്ടം ഉടമകളാണെന്നും ഇടുക്കിയിലുള്ളവര്‍ കാട്ടുകള്ളന്‍മാരുമാണെന്നാണ് കേരളാ കോണ്‍ഗ്രസ്സിനെക്കുറിച്ച് പ്രചരിപ്പിച്ചിരുന്നത്. അധ്വാനിക്കുന്ന വര്‍ഗമാണ് പാര്‍ട്ടിക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന പ്രഖ്യാപനമാണ് സമ്മേളനത്തില്‍ നേതാക്കളായ കെ എം മാണി, ജോസ് കെ മാണി, പി ജെ ജോസഫ്, മോന്‍സ് ജോസഫ്, സി എഫ് തോമസ് എന്നിവരുള്‍പ്പെടെ നടത്തിയത്. പാര്‍ട്ടി രൂപീകരിച്ച് അടുത്തവര്‍ഷം 25 മണ്ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ച ചരിത്രമാണുള്ളതെന്നു വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ലെന്നും ജനലക്ഷങ്ങളുടെ പിന്തുണയാണുള്ളതെന്നും മോന്‍സ് ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി. കേരള രാഷ്ട്രീയത്തിന്റെ അലകുംപിടിയും മാറാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സെന്നു ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് അഭിപ്രായപ്പെട്ടു. അതേസമയം, കേരളാ കോണ്‍ഗ്രസ് (എം)ല്‍ നേതൃമാറ്റമുണ്ടാവുമെന്ന പ്രചാരണത്തിനു പിന്നില്‍ ചില അസൂയക്കാരാണെന്നു പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. ആദ്യം പരസ്യമായും പിന്നെ രഹസ്യമായും നുണപ്രചാരണം നടത്തി. പിന്നെ എഴുത്തില്‍ കൂടിയായി. ചില മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിക്കുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ്സില്‍ വാര്‍ഡ്,നിയോജകമണ്ഡലം, ജില്ലാ തലത്തില്‍ നേതൃമാറ്റമുണ്ടായി. എന്നാല്‍, ചെയര്‍മാന്‍, വര്‍ക്കിങ് ചെയര്‍മാന്‍ ഉള്‍പ്പെടെ കേരള രാഷ്ട്രീയത്തിലെ ഉന്നതന്‍മാരാണ് കേരളാ കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലുള്ളത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയിലെ നേതൃമാറ്റം അജണ്ടയിലില്ലെന്നും അക്കാര്യം ആലോചനയില്‍പോലുമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
Next Story

RELATED STORIES

Share it