Flash News

പിണറായി യാത്രയില്‍ നിന്ന് അമിത് ഷാ പിന്‍മാറി



കണ്ണൂര്‍: കേരളത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള നിഗൂഢ നീക്കവുമായി തീവ്രഹിന്ദുത്വ പ്രചാരകരെ എഴുന്നള്ളിച്ച് ബിജെപി സംഘടിപ്പിച്ച ജനരക്ഷാ യാത്ര തുടക്കത്തിലേ പാളി. മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായി വഴി കടന്നുപോയ മൂന്നാംദിനത്തിലെ പദയാത്രയില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറി. മുഴുവന്‍ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള സംഘാടനത്തിലെ പിഴവിലുള്ള നീരസമാണ് അപ്രതീക്ഷിത ബഹിഷ്‌കരണത്തിലേക്ക് നയിച്ചതെന്നാണു സൂചന. അമിത് ഷാ അവിചാരിതമായി സന്ദര്‍ശനം റദ്ദാക്കുകയായിരുന്നുവെന്ന് ആര്‍എസ്എസ് ചാനല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പ്രധാനമന്ത്രി വിളിച്ച അടിയന്തര യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ഷാ പിന്‍മാറിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലവും മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടുമായ പിണറായി വഴിയുള്ള യാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന അറിയിപ്പ് ദേശീയതലത്തില്‍ തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.  ഇന്നലത്തെ പദയാത്രയിലും തലശ്ശേരിയിലെ സമാപന സമ്മേളനത്തിലും പങ്കെടുക്കാന്‍ തിരിച്ചെത്തുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. അതിനാല്‍ സിപിഎം പാര്‍ട്ടിഗ്രാമത്തില്‍ യുദ്ധസമാനമായ സുരക്ഷാസംവിധാനങ്ങള്‍ പോലിസ് ഒരുക്കുകയും ചെയ്തു. എന്നാല്‍  ഷാ എത്തിയില്ല.  ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങാണ് മമ്പറം ടൗണില്‍ ആരംഭിച്ച മൂന്നാംദിന പദയാത്രയിലെ മുഖ്യാതിഥി. സിപിഎമ്മിനെ ഞെട്ടിക്കുന്ന ആള്‍ക്കൂട്ടവും ആവേശവുമായിരുന്നു കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആസൂത്രണം ചെയ്തിരുന്നത്. യാത്ര ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ രാജ്യത്തെ മുന്‍നിര മാധ്യമങ്ങളുടെ സംഘത്തിന് സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനരക്ഷാ യാത്രയ്ക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത് വരുംദിനങ്ങളില്‍ പാര്‍ട്ടിയില്‍ കലാപത്തിനു വഴിവച്ചേക്കും.
Next Story

RELATED STORIES

Share it