പിണറായി മല്‍സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല: കോടിയേരി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. ലാവ്‌ലിനില്‍ സര്‍ക്കാരിന്റെ ഹരജി പരിഗണിക്കുന്നത് കോടതി രണ്ടുമാസത്തേക്കു നീട്ടിയത് പിണറായിയുടെ പാര്‍ലമെന്ററി രംഗത്തേക്കുള്ള മടങ്ങിവരവിനെ സഹായിക്കുമോയെന്ന ചോദ്യത്തിനായിരുന്നു കോടിയേരിയുടെ പ്രതികരണം.
ഏതുനിമിഷവും തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി തയ്യാറാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ആരംഭിക്കും. ആദ്യം എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കും. അതിനുശേഷമാവും സിപിഎമ്മിനു ലഭിച്ച സീറ്റുകളില്‍ ആരെ മല്‍സരിപ്പിക്കണമെന്നതു തീരുമാനിക്കുക.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പ്രശ്‌നങ്ങള്‍ സിപിഎം നിരീക്ഷിക്കുകയാണെന്നും കോടിയേരി പ്രതികരിച്ചു.
അവിടുത്തെ പ്രശ്‌നങ്ങള്‍ ഏതെങ്കിലും രൂപത്തില്‍ പുറത്തുവന്നിട്ടില്ല. സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കമാണ് നടക്കുന്നത്. സീറ്റുകള്‍ക്കു വേണ്ടിയുള്ള സമ്മര്‍ദ്ദ തന്ത്രമാവാമത്. ഈ ഘട്ടത്തില്‍ അതില്‍ എല്‍ഡിഎഫ് അഭിപ്രായം പറയേണ്ട കാര്യമില്ല.
എന്നാല്‍, നേരത്തേ യുഡിഎഫ് വിട്ടുവന്ന ആര്‍ ബാലകൃഷ്ണപിള്ളയും പി സി ജോര്‍ജും എല്‍ഡിഎഫില്‍ സുരക്ഷിതരായിരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ തലേദിവസം വരുന്നവരുമായി ചര്‍ച്ചയില്ല. വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരുമായേ ചര്‍ച്ചയ്ക്കൂള്ളൂ. സീറ്റിനു വേണ്ടി യുഡിഎഫ് വിട്ടുവരുന്നവരുമായി സഹകരിക്കില്ല. ഇപ്പോഴത്തെ എല്‍ഡിഎഫിനു തന്നെ യുഡിഎഫിനെ തോല്‍പിക്കാനാവും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഘടകകക്ഷികള്‍ അതൃപ്തിയിലാണ്. മുസ്‌ലിം ലീഗ് ഒഴികെയുള്ള ഘടകകക്ഷികളെ പിളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ്സിനെ പിളര്‍ത്താനാണ് ശ്രമം. ബാര്‍ കോഴക്കേസ് വന്നതു മുതലാണ് കേരളാ കോണ്‍ഗ്രസ്സില്‍ തര്‍ക്കമുണ്ടായത്. കേസ് ഗൂഢാലോചനയാണെന്ന് ഒരുവിഭാഗം പറയുമ്പോഴും അത് അംഗീകരിക്കാന്‍ മറുവിഭാഗം തയ്യാറായിരുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it