Kerala

പിണറായി മന്ത്രിസഭയില്‍ 19 അംഗങ്ങള്‍; സിപിഎമ്മിന് 12 മന്ത്രിമാര്‍ 8പുതുമുഖങ്ങള്‍

പിണറായി  മന്ത്രിസഭയില്‍  19  അംഗങ്ങള്‍;  സിപിഎമ്മിന്  12  മന്ത്രിമാര്‍ 8പുതുമുഖങ്ങള്‍
X
niyamasabha-infocus

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയില്‍ 19 അംഗങ്ങള്‍. ഇതുസംബന്ധിച്ച നിര്‍ദേശത്തിന് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. 12 പേര്‍ സിപിഎമ്മില്‍നിന്നും നാലുപേര്‍ സിപിഐയില്‍നിന്നും മന്ത്രിമാരാവും. ജനതാദള്‍ എസ്, എന്‍സിപി, കോണ്‍ഗ്രസ് എസ് എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിപദവി വീതം നല്‍കും. സ്പീക്കര്‍ പദവി സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ പദവി സിപിഐക്കും ആയിരിക്കും. മന്ത്രിമാര്‍ ആരെല്ലാമെന്ന കാര്യം ഇന്നു ചേരുന്ന ഇരുപാര്‍ട്ടികളുടെയും യോഗം അന്തിമമായി തീരുമാനിക്കും. മന്ത്രിസഭയിലെ സിപിഎം പ്രതിനിധികളുടെ കാര്യത്തില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. പിണറായി വിജയനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുന്നതിനുള്ള സിപിഎം എംഎല്‍എമാരുടെ യോഗവും ഇന്നു ചേരും. 25നു വൈകീട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.  മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ അന്നേദിവസം ഉഭയകക്ഷി ചര്‍ച്ചയും നടക്കും. സത്യപ്രതിജ്ഞാചടങ്ങിനുശേഷം ചേരുന്ന മന്ത്രിസഭായോഗത്തില്‍ നിയമസഭ ചേരുന്നതിനുള്ള തിയ്യതി നിശ്ചയിക്കും. മൂന്ന് മുന്‍മന്ത്രിമാരും എട്ട് പുതുമുഖങ്ങളും അടങ്ങുന്നതാണ് സിപിഎം പട്ടിക. രണ്ടു മന്ത്രിപദവികള്‍ വനിതകള്‍ക്ക് നല്‍കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക് (ആലപ്പുഴ), ഇ പി ജയരാജന്‍ (മട്ടന്നൂര്‍), കെ കെ ശൈലജ (കൂത്തുപറമ്പ്), സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് എ കെ ബാലന്‍ (തരൂര്‍), ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര), സംസ്ഥാനസമിതിയില്‍നിന്ന് ജി സുധാകരന്‍ (അമ്പലപ്പുഴ), എ സി മൊയ്തീന്‍ (കുന്നംകുളം), കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം), ജെ മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ) എന്നിവരും പ്രഫ. സി രവീന്ദ്രനാഥ് (പുതുക്കാട്), സിപിഎം സ്വതന്ത്രനായി മല്‍സരിച്ച കെ ടി ജലീല്‍ (തവനൂര്‍) എന്നിവരും മന്ത്രിമാരാവും. പൊന്നാനിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി ശ്രീരാമകൃഷ്ണനാവും സ്പീക്കര്‍. കെ സുരേഷ്‌കുറുപ്പിന്റെ പേരും ഈ പദവിയിലേക്ക് സജീവമായി പരിഗണിക്കുന്നു. സെക്രട്ടേറിയറ്റംഗം എം എം മണിയെയും സംസ്ഥാന സിമിതിയംഗവും മുന്‍മന്ത്രിയുമായ എസ് ശര്‍മയെയും ഒഴിവാക്കി.  ടി എം തോമസ് ഐസക്, എ കെ ബാലന്‍, ജി സുധാകരന്‍ എന്നിവര്‍ കഴിഞ്ഞ വിഎസ് മന്ത്രിസഭയിലും അംഗങ്ങളായിരുന്നു. സിപിഐ മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറെയും ഇന്നു  തിരഞ്ഞെടുക്കും. നാലു പുതുമുഖങ്ങളെ മന്ത്രിമാരാക്കുകയെന്ന നിര്‍ദേശമാണ് സിപിഐ പരിഗണിക്കുന്നത്. അങ്ങനെ വന്നാല്‍ വി എസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, കെ രാജു അല്ലെങ്കില്‍ ഇ എസ് ബിജിമോള്‍ എന്നിവര്‍ മന്ത്രിസഭയിലെത്തും. ഇവരിലൊരാള്‍ തന്നെയാവും ഡെപ്യൂട്ടി സ്പീക്കര്‍. കോണ്‍ഗ്രസ് എസില്‍നിന്ന് കടന്നപ്പള്ളി രാമചന്ദ്രനാണ് മന്ത്രിസഭയിലെത്തുക. മുന്നണിയുമായി സഹകരിക്കുന്ന കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ളയും കെ ബി ഗണേഷ്‌കുമാറും പിണറായി വിജയനുമായി ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it