Idukki local

പിണറായി ഭരണം കേരളത്തെ ശവപ്പറമ്പാക്കി മാറ്റി : യൂത്ത് കോണ്‍ഗ്രസ്



തൊടുപുഴ: ഒരു വര്‍ഷത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ദു ര്‍ഭരണം കേരളത്തെ വാഗ്ദാനലംഘനങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. യൂത്ത് മാര്‍ച്ചിന് തൊടുപുഴയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമന നിരോധനത്തിലൂടെയും തൊഴില്‍ നിഷേധത്തിലൂടെയും കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കുന്നതിന് എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്ന് പറഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ഇടത്പക്ഷം ബിജെപിയുടെ വര്‍ഗീയതെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതായി ഡീന്‍ പറഞ്ഞു. സംവിധായകന്‍ കമല്‍ അടക്കമുള്ള സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ ഇന്ത്യ വിട്ടുപോകണമെന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാക്കളെ പ്രതിരോധിക്കാന്‍ പോലും ഇടത്പക്ഷ നേതൃത്വത്തിന് സാധിച്ചിട്ടില്ല. സ്വീകരണ സമ്മേളനം മുന്‍ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സാം ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.പി. എ. പി. അബ്ദുള്ളകുട്ടി മുഖ്യപ്രഭാഷണം നടത്തി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ., യൂത്ത്‌കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി രവിചന്ദ്രദാസ്, ഇടുക്കി ലോക്‌സഭാ പ്രസിഡന്റ് ബിജോ മാണി, യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടന്‍, അനീഷ് വരികണ്ണാമല, ഇഫ്തികറുദ്ദീന്‍, ആദം മുന്‍സി, റ്റി. ജി. സുനില്‍, വിദ്യാ ബാലകൃഷ്ണന്‍, ശാസ്താംകോട്ട സുനില്‍, ജോഷി കണ്ടത്തില്‍, എം. എ. അന്‍സാരി, കോണ്‍ഗ്രസ് നേതാക്കളായ ജോയി തോമസ്, സി.പി. മാത്യു, ജോണ്‍ നെടിയപാല, എന്‍. ഐ. ബെന്നി, വി. ഇ. താജുദ്ദീന്‍, ജിയോ മാത്യു, കെ. വി. സിദ്ധാര്‍ത്ഥന്‍, എന്‍. രവീന്ദ്രന്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, എ. എം. ദേവസ്യ, കെ. പി. വര്‍ഗീസ്, നിയാസ് കൂരാപ്പിള്ളി, ടോണി തോമസ്, മാത്യു കെ. ജോണ്‍, മുനീര്‍, ബിനീഷ്‌ലാ ല്‍, രാജേഷ് ബാബു, മുഹമ്മദ് അന്‍ഷാദ്  സംസാരിച്ചു.
Next Story

RELATED STORIES

Share it