പിണറായി നവകേരള മാര്‍ച്ചില്‍ നിന്നു പിന്‍മാറണം: കെ ബാബു

കൊച്ചി/കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ കേസില്‍ ആരോപണ വിധേയനായ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നിര്‍ത്തിവച്ച് രാഷ്ട്രീയ മാന്യത കാട്ടണമെന്ന് മുന്‍മന്ത്രി കെ ബാബു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിക്കാട്ടാനാണ് താന്‍ രാജിവച്ചത്. ആ മാതൃക പിണറായിയും കാട്ടണം. അല്ലാതെ തനിക്കെതിരേ പറയാന്‍ പിണറായിക്ക് ധാര്‍മിക അവകാശമില്ല. മന്ത്രിസ്ഥാനം രാജിവച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയെയാണ് രാജിക്കാര്യം അറിയിക്കേണ്ടത്. മന്ത്രിമാര്‍ രാജിക്കത്ത് കെപിസിസി പ്രസിഡന്റിനല്ല മുഖ്യമന്ത്രിക്കാണു നല്‍കേണ്ടത്. കെപിസിസി സ്ഥാനങ്ങള്‍ രാജിവയ്ക്കുമ്പോള്‍ മാത്രമേ കെപിസിസി പ്രസിഡന്റിനെ കാണേണ്ട കാര്യമുള്ളൂയെന്നും ബാബു പറഞ്ഞു.
വി ശിവന്‍കുട്ടി എംഎല്‍എയാണ് ബിജു രമേശിന്റെ സംരക്ഷകന്‍. തിരുവനന്തപുരം നഗരത്തില്‍ ബിജു രമേശിന് നിരവധി അനധികൃത കെട്ടിടങ്ങളുണ്ട്. ശിവന്‍കുട്ടി തിരുവനന്തപുരം മേയറായിരുന്ന കാലം മുതല്‍ ബിജു രമേശിനെ സംരക്ഷിച്ചുവരുകയാണെന്നും ബാബു ആരോപിച്ചു. ഒരു കോടിയോളം രൂപ ബിജു രമേശ് നികുതിയിനത്തില്‍ അടയ്ക്കാനുണ്ട്. ബിജു രമേശിന്റെ കൈയേറ്റങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ ഇടതുമുന്നണി തയ്യാറാവുമോയെന്നും ബാബു ചോദിച്ചു.
വിജിലന്‍സിന് അടിക്കടി പിഴവു വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. തനിക്കെതിരേ കോടതി ഒന്നും പറഞ്ഞിട്ടില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി പറഞ്ഞതായുള്ള ടെലിവിഷന്‍ സ്‌ക്രോള്‍ കണ്ടാണ് രാജിവച്ചത്. വിധി എന്താണെന്നു പോലും വായിച്ചുനോക്കുന്നതിനു മുമ്പുതന്നെ രാജിവച്ചയാളാണു താനെന്നും ബാബു പറഞ്ഞു.
നവകേരള മാര്‍ച്ചില്‍ നിന്ന് പിണറായി വിജയന്‍ പിന്മാറണമെന്ന കെ ബാബുവിന്റെ ആവശ്യം, മോഷണത്തിനിടെ കൈയോടെ പിടിക്കപ്പെട്ട കള്ളന്‍ തന്റെ ചുറ്റിലുള്ളവരും കള്ളനാണെന്ന് കരുതുന്നതു പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേസില്‍പ്പെട്ടതോടെ എല്ലാവരുടെയും മേല്‍ ചെളിവാരിയെറിയാനാണ് ബാബു ശ്രമിക്കുന്നത്. തനിക്ക് പറ്റിയ തെറ്റ് സമൂഹത്തോട് തുറന്നു പറയുകയാണ് ബാബു ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാര്‍ അഴിമതിക്കേസില്‍പ്പെട്ടതോടെ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ലാവ്‌ലിന്‍ കേസില്‍ കോടതിയില്‍ ഹരജി വന്നതല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it