പിണറായി കൊലപാതകം: സൗമ്യയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

തലശ്ശേരി: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വടവതി സൗമ്യ(28)യുടെ അറസ്റ്റ് പോലിസ് വീണ്ടും ജയിലിലെത്തി രേഖപ്പെടുത്തി.
സൗമ്യയുടെ മകള്‍ ഐശ്വര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്നലെ തലശ്ശേരി സിഐ കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ണൂര്‍ വനിതാ ജയിലിലെത്തി അറസ്റ്റ് ചെയ്തത്. സൗമ്യയെ ചോദ്യം ചെയ്യുന്നതിനു വിട്ടുകിട്ടാന്‍ ഇന്ന് തലശ്ശേരി കോടതിയില്‍ അപേക്ഷ നല്‍കും.
പിതാവ് കുഞ്ഞിക്കണ്ണനെയും അമ്മ കമലയെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ സൗമ്യയെ മെയ് 8 വരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഐശ്വര്യയ്ക്കു വിഷം നല്‍കിയ കേസില്‍ പിണറായിയിലെ ഒരു യുവാവിന്റെ പങ്ക് പോലിസിനോട് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
സൗമ്യയുടെ ഭര്‍ത്താവ് കിഷോറിനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. കിഷോര്‍ ഇപ്പോഴും പോലിസ് നിരീക്ഷണത്തിലാണ്.
അതേസമയം, യുവതിയുടെ സഹായികളുടെ പങ്ക് കണ്ടെത്താന്‍ പോലിസ് അന്വേഷണം തുടരുകയാണ്. മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ 24നാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡില്‍ കഴിയുന്ന യുവതിയെ നാലു ദിവസം പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. അതിനിടെയാണ് മകള്‍ ഐശ്വര്യയെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയെന്ന ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചത്.
Next Story

RELATED STORIES

Share it