Flash News

പിണറായി കൂട്ടക്കൊല, സൗമ്യയുടെ മൊഴി പൂര്‍ണമായും വിശ്വസിക്കാതെ പോലിസ്

തലശ്ശേരി: പിണറായിയില്‍ വയോധികരായ മാതാപിതാക്കളെയും രണ്ടു മക്കളില്‍ ഒരാളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്കു പുറമെ മറ്റാര്‍ക്കും പങ്കില്ലെന്നു പ്രതി സൗമ്യയുടെ ഏറ്റുപറച്ചില്‍. എല്ലാ കൊലപാതകങ്ങളും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താന്‍ തനിച്ചാണെന്നാണു സൗമ്യയുടെ വാദം. പോലിസ് അന്വേഷണവും ഇത്തരമൊരു നിഗമനത്തിലാണ് എത്തിയതെങ്കിലും കസ്റ്റഡിയില്‍ ചോദ്യംചെയ്തു വിശദ വിവരങ്ങള്‍ ലഭിക്കുന്നതു വരെ പൂര്‍ണമായും ഈ വാദം സ്വീകരിക്കേണ്ടെന്നാണു പോലിസിന്റെ കണക്കുകൂട്ടല്‍. അതിനിടെ, സൗമ്യയുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നു യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രണ്ടു പേരെ വിട്ടയച്ചു.
ഒരാള്‍ ഇപ്പോഴും കസ്റ്റഡിയിലുള്ളതായാണു വിവരം. യുവാക്കള്‍ക്കു സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും കൊലപാതകങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താം വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (ഒമ്പത്) എന്നിവരാണു നാലു മാസത്തിനിടെ ദൂരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. മൂന്നു പേരുടെയും ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണു സൗമ്യയെ (28) കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്തത്. മറ്റു ബന്ധങ്ങള്‍ക്കു തടസ്സമാവാതിരിക്കാന്‍ മാതാപിതാക്കളെയും മകളെയും ഇല്ലാതാക്കുകയായിരുന്നു എന്നാണു പോലിസിനോടു സൗമ്യ പറഞ്ഞത്. പുതിയ ജീവിതത്തിനു തുടക്കമിടാന്‍ കുടുംബാംഗങ്ങളെ ഒഴിവാക്കണമെന്നു കരുതിയാണു കൊലപാതകം ആസൂത്രണം ചെയ്തത്.
എന്നാല്‍ തനിക്കും ഛര്‍ദ്ദിയും അസ്വസ്ഥതയും ഉണ്ടായെന്നു പറഞ്ഞു നാടകം കളിച്ചതോടെയാണു സംശയം ബലപ്പെട്ടത്. അതേസമയം, ജനുവരിയില്‍ സൗമ്യയുടെ മകള്‍ ഐശ്വര്യ മരിച്ചതും വിഷം അകത്തു ചെന്നാണെന്ന ശാസ്ത്രീയ തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം പുറത്തെടുത്തു പരിശോധിച്ച ഐശ്വര്യയുടെ മൃതദേഹത്തിലെ ആന്തരികാവയവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചതിലാണ് എലിവിഷമായി ഉപയോഗിക്കുന്ന അലൂമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തിയത്. അതിനിടെ, കൊലപാതകങ്ങള്‍ക്കായി സൗമ്യ—ക്ക് എലിവിഷം വാങ്ങി നല്‍കിയ ഓട്ടോ ഡ്രൈവറെ അന്വേഷണ സംഘം ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു.
Next Story

RELATED STORIES

Share it