പിണറായി കൂട്ടക്കൊല: കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

തലശ്ശേരി: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പല ഘട്ടങ്ങളിലായി വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ(29)ക്കെതിരേ തലശ്ശേരി സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സൗമ്യയുടെ അമ്മ വണ്ണത്താന്‍ വീട്ടില്‍ കമല(65)യെ കൊലപ്പെടുത്തിയ കേസിലാണ് 800 പേജുള്ള കുറ്റപത്രവും 59 സാക്ഷികളുടെ പട്ടികയും അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ എം പി ആസാദ് ഇന്നലെ വൈകീട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
സൗമ്യയുടെ വഴിവിട്ട ജീവിതത്തിനു തടസ്സമായി നിന്നതാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ കാരണമെന്നും സംഭവത്തിനു സൗമ്യ മാത്രമാണ് ഉത്തരവാദിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. മകളെയും മാതാപിതാക്കളെയും ഒഴിവാക്കി വഴിവിട്ട ജീവിതം തുടരാനാണ് കൊലപാതകങ്ങള്‍ നടത്തിയത്. കുഞ്ഞിക്കണ്ണന്‍, കമല, ഐശ്വര്യ എന്നിവര്‍ പല സമയങ്ങളിലായി ഒരേ രീതിയിലാണ് മരിച്ചത്. സംശയം ഉണ്ടാവാതിരിക്കാന്‍ സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചു. മാതാവിന്റെ മരണ ശേഷം കിണറ്റിലെ വെള്ളത്തില്‍ അമോണിയ ഉണ്ടെന്നു സ്ഥാപിക്കാന്‍ അടുപ്പക്കാരെ ഉപയോഗപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 24നാണ് തലശ്ശേരി സിഐ ആയിരുന്ന കെ ഇ പ്രേമചന്ദ്രന്‍ സൗമ്യയെ അറസ്റ്റ് ചെയ്തത്. രണ്ടു കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തു. പിതാവ് കുഞ്ഞിക്കണ്ണനെ(70)യും സൗമ്യയുടെ മകള്‍ ഐശ്വര്യയെയും  കൊലപ്പെടുത്തിയ കേസില്‍ ഈ മാസം 30നകം കുറ്റപത്രം സമര്‍പ്പിക്കും. സൗമ്യ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണസംഘം കുറ്റപത്രം വേഗത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it