പിണറായിയും വീരേന്ദ്രകുമാറും ഒരേ വേദിയില്‍; മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു

തിരുവനന്തപുരം: ജനതാദള്‍ യുനൈറ്റഡിന്റെ (ജെഡിയു) മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടി പിണറായി വിജയനും എം പി വീരേന്ദ്രകുമാറും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ വേദിയില്‍. വീരേന്ദ്രകുമാറുമായി നാളെ ഒരുമിച്ച് നീങ്ങുന്നതിന് ഒരു തടസ്സവുമില്ലെന്ന് പറഞ്ഞ പിണറായി ജെഡിയു മുന്നണിയിലേക്ക് മടങ്ങിവരണമെന്ന നിലപാട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷത്താണെന്നും അവരെ അവിടെക്കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പിണറായി വ്യക്തമാക്കിയപ്പോള്‍ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന് മുന്നണിബന്ധം തടസ്സമല്ലെന്നുള്ള മറുപടിയാണ് വീരേന്ദ്രകുമാര്‍ നല്‍കിയത്.
ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച വീരേന്ദ്രകുമാറിന്റെ ഇരുള്‍ പരക്കുന്ന കാലം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു സംസ്ഥാന രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രാഷ്ട്രീയമാറ്റത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയത്. ജനങ്ങള്‍ സോഷ്യലിസ്റ്റുകളെ കാണാന്‍ ആഗ്രഹിക്കുന്നത് ഇടതുപക്ഷത്താണ്. അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തണമെങ്കില്‍ തിരുത്തേണ്ടത് തിരുത്തുകയും പുനരാലോചിക്കേണ്ടത് പുനരാലോചിക്കുകയും വേണം. കാലത്തിന്റേയും ജനങ്ങളുടെയും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയുന്ന ശരിയായ നിലപാട് എടുക്കലാണ് പ്രധാനമെന്നും പിണറായി അഭിപ്രായപ്പെട്ടു.
അദ്ദേഹത്തോട് തനിക്ക് വ്യക്തിപരമായ വിയോജിപ്പുകള്‍ ഒന്നുമില്ല. അതിനര്‍ഥം രാഷ്ട്രീയ വിയോജിപ്പ് ഇല്ല എന്നല്ല. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അത് രാഷ്ട്രീയപരമായി മാത്രമാണ്. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും തമ്മില്‍ യോജിപ്പിന്റേയും വിയോജിപ്പിന്റേയും മേഖലകളുണ്ടായിട്ടുണ്ട്. ഒരു പ്രത്യേകഘട്ടത്തില്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ പോയപ്പോള്‍ വീരേന്ദ്രകുമാറിനെ രാഷ്ട്രീയമായി വിമര്‍ശിച്ചിട്ടുണ്ട്. അത് സ്വാഭാവികം മാത്രമാണ്.
വലതുപക്ഷ ശക്തികള്‍ക്കെതിരേ ബദല്‍നയം ഉയര്‍ത്തിക്കൊണ്ടുവരണം. അതില്‍ സോഷ്യലിസ്റ്റുകള്‍ക്ക് പ്രധാന പങ്കുവഹിക്കാനാവും. കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമായി വിയോജിപ്പിന്റെ മേഖലകള്‍ ഉള്ളപ്പോഴും യോജിച്ചുനിന്നു പോരാടിയ ചരിത്രമാണുള്ളത്. എന്നാല്‍, രാഷ്ട്രത്തിന്റെ ഐക്യം തകര്‍ക്കുന്ന വര്‍ഗീയ വിധ്വംസക ശക്തികളെ ചെറുത്തു തോല്‍പിക്കുന്ന കാര്യത്തില്‍ ദൃഢമായ നിലപാടാണ് വീരേന്ദ്രകുമാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ രാജ്യത്ത് ഫാഷിസ്റ്റ് പ്രവണതയുടെ ഇരുള്‍ പടരുമ്പോഴും ഒരുമിച്ചുള്ള പോരാട്ടം വേണം. അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ച് തടവറയില്‍ കഴിഞ്ഞിട്ടുള്ള വീരേന്ദ്രകുമാറുമായി ദൃഢബന്ധമാണ് തനിക്കുള്ളത്. ഒരേ ലക്ഷ്യം പങ്കിട്ട് ഒരേ മൂല്യം മുന്‍നിര്‍ത്തി തടവില്‍ കഴിഞ്ഞിട്ടുള്ളവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തി ദൃഢമാണ്. ഇതു പലര്‍ക്കും തിരിച്ചറിയാനാവുന്നില്ല. ഈ പുസ്തകപ്രകാശനത്തിന് മാധ്യമങ്ങള്‍ പതിവില്‍ കവിഞ്ഞ പ്രാധാന്യം നല്‍കിയത് ഞങ്ങള്‍ തമ്മില്‍ ശത്രുക്കളാണെന്ന തെറ്റിദ്ധാരണകൊണ്ടാണ്. രാഷ്ട്രീയമായ വിയോജിപ്പുകള്‍ തുറന്നു പ്രകടിപ്പിക്കുമ്പോഴും പരസ്പര ബഹുമാനവും ആദരവും നിലനിര്‍ത്തിക്കൊണ്ടുള്ള സൗഹൃദമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും വീരേന്ദ്രകുമാറിനു തന്നോടും അങ്ങനെ തന്നെയാണുള്ളതെന്ന് ഉറച്ചുവിശ്വസിക്കുന്നതായും പിണറായി പറഞ്ഞു. പിണറായിയുമായി തടവറയില്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ വീരേന്ദ്രകുമാറും പങ്കുവച്ചു.
Next Story

RELATED STORIES

Share it