പിണറായിയിലെ കൊലപാതകം: സൗമ്യയുടെ റിമാന്‍ഡ് നീട്ടി

തലശ്ശേരി: പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വിഷം അകത്തുചെന്നു മരിച്ച സംഭവത്തില്‍ അന്വേഷണസംഘം അറസ്റ്റ് ചെയ്ത വടവതി സൗമ്യയുടെ റിമാന്‍ഡ് മെയ് 8 വരെ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഡോണള്‍ഡ് സെക്യൂസ് നീട്ടി. നാലു ദിവസത്തെ പോലിസ് കസ്റ്റഡിക്കു ശേഷം ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് 10 ദിവസത്തേക്കു കൂടി റിമാന്‍ഡ് നീട്ടിയത്.
സൗമ്യക്ക് ജാമ്യം അനുവദിക്കരുതെന്നും അനുവദിക്കുകയാണെങ്കില്‍ പലരെയും സ്വാധീനിക്കാന്‍ സാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും സൗമ്യയുടെ ജീവന്‍ അപകടത്തിലാവാന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പോലിസ് വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് സൗമ്യയുടെ ഭര്‍ത്താവ് കിഷോറിനെ ചോദ്യംചെയ്ത ശേഷം അന്വേഷണസംഘം വിട്ടയച്ചിരുന്നു. എന്നാല്‍, കിഷോറിന്റെയും സൗമ്യയുടെയും കൈയിലുള്ള മൊബൈല്‍ ഫോണുകള്‍ പോലിസ് വാങ്ങി ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറി. മൂത്ത മകള്‍ ഐശ്വര്യയുടെ മരണത്തില്‍ അസ്വാഭാവികത സ്ഥിരീകരിച്ച അന്വേഷണസംഘം തിങ്കളാഴ്ച കൊലക്കുറ്റം ചുമത്തി വീണ്ടും സൗമ്യയെ അറസ്റ്റ് ചെയ്‌തേക്കും.
പ്രസ്തുത സംഭവത്തില്‍ നേരത്തേ പോലിസ് നീരിക്ഷണത്തിലുള്ള ഒരു പിണറായി സ്വദേശി അറസ്റ്റിലാവുമെന്നും സൂചനയുണ്ട്. കോടതിയില്‍ പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ടിലും ഇയാളുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകളും സാക്ഷിമൊഴികളും ഉണ്ടാവുന്ന പക്ഷം തുടര്‍ അറസ്റ്റിനു സാധ്യതയുണ്ടെന്ന സൂചനയും അന്വേഷണ സംഘം നല്‍കി.
അതിനിടെ മൂത്ത മകള്‍ എൈശ്വര്യയുടെ മരണം സംഭവിച്ച് 10 ദിവസത്തിനുശേഷം വീട്ടില്‍ നിന്നും എലിവിഷം എടുത്തത് സൗമ്യയുടെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് ഇതു പിണറായി സ്വദേശിയായ യുവാവിന്റെ കൈയില്‍ നിന്നു ബലം പ്രയോഗിച്ചു വാങ്ങി സൗമ്യ ദൂരെ എറിയുകയായിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു. വൈദ്യ പരിശോധനയ്ക്കു ശേഷമാണ് സൗമ്യയെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്നാണ് ഇവരെ കണ്ണൂര്‍ വനിതാ സ്‌പെഷ്യല്‍ ജയിലില്‍ കൊണ്ടുപോയത്.
Next Story

RELATED STORIES

Share it