പിണറായിയിലെ കൂട്ടക്കൊല: സൗമ്യയുടെ ഭര്‍ത്താവിനെ ചോദ്യംചെയ്തു

തലശ്ശേരി: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് കസ്റ്റഡിയില്‍ കഴിയുന്ന വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ഭര്‍ത്താവ് കിഷോറിനെ അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്തു. സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തനയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് കിഷോറാണെന്ന് സൗമ്യ മൊഴി നല്‍കിയിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.
ഇതേത്തുടര്‍ന്ന് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന കിഷോര്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടെന്നു കണ്ടെത്തി. കൊടുങ്ങല്ലൂര്‍ ക്ഷേത്രപരിസരത്തു നിന്നു കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തിനു കൈമാറുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലില്‍ കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗമ്യ മൊഴിയില്‍ സൂചിപ്പിച്ച കാര്യങ്ങളെ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്നാണ് സൂചന. അതിനാല്‍ കിഷോറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും മങ്ങി. അതിനിടെ, തലശ്ശേരിയില്‍ ഈയിടെ ആരംഭിച്ച ധനകാര്യ സ്ഥാപനത്തിലേക്കു നിക്ഷേപങ്ങള്‍ കാന്‍വാസ് ചെയ്യാനായി ദിനംപ്രതിയുള്ള കലക്ഷന്‍ ഏജന്റായി സൗമ്യ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി. സ്ഥാപനത്തിലെ 60ഓളം പേരുടെ നിക്ഷേപവും പ്രതിമാസ കലക്ഷനും സൗമ്യ ശേഖരിച്ച് ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. പ്രതിമാസ നിക്ഷേപകരില്‍പെടുന്ന ഒരാള്‍ മാസത്തില്‍ 20000 രൂപയ്ക്കു മുകളില്‍ നിക്ഷേപിച്ചതായി മനസ്സിലായിട്ടുണ്ട്. ഇത്രയും തുക നിക്ഷേപിക്കണമെങ്കില്‍ അഞ്ചിരട്ടിയോളം തുക മാസവരുമാനം ഉണ്ടാവണമെന്നാണു വിലയിരുത്തല്‍. ഇയാളുടെ സാമ്പത്തിക ഉറവിടം എന്താണെന്നും പോലിസ് അന്വേഷിച്ചേക്കും.
കോടതി വിശദമായി ചോദ്യംചെയ്യാനായി നല്‍കിയ നാലു ദിവസ പോലിസ് കസ്റ്റഡി കാലാവധി ഇന്നു തീരും. കസ്റ്റഡി സമയം തീരുന്നതോടെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യും.
Next Story

RELATED STORIES

Share it