പിണറായിയിലെ അഞ്ച് ബൂത്തുകളില്‍ കള്ളവോട്ട്

കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മല്‍സരിച്ച ധര്‍മടം മണ്ഡലത്തില്‍പ്പെട്ട പിണറായി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചു ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോവൂര്‍ യുപിഎസിലെ 122, 124, 125 ബൂത്ത്, പിണറായി വെസ്റ്റ് ബേസിക് യുപിഎസിലെ 132, 133 ബൂത്തുകളിലാണു സംഭവം. വൈകീട്ട് മൂന്നിനും ആറിനും ഇടയിലാണ് കള്ളവോട്ട് നടന്നത്. ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സ്വന്തം ബൂത്തില്‍ വോട്ട് ചെയ്ത ശേഷം സമീപപ്രദേശത്തെ പോളിങ് സ്‌റ്റേഷനിലെത്തി ചിലര്‍ കള്ളവോട്ട് ചെയ്യുകയായിരുന്നു.
പഞ്ചായത്ത് മെംബറായ സ്ത്രീയുള്‍പ്പെടെ കള്ളവോട്ട് ചെയ്തതായി ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. അഞ്ച് ബൂത്തുകളിലായി 21 പേര്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍, സിപിഎം ശക്തികേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട് നടന്നതായും ഇതിന്റെ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.
മണ്ഡലത്തില്‍ 5000ത്തിലധികം കള്ളവോട്ട് നടന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരനും ആരോപിച്ചു. കള്ളവോട്ട് സംബന്ധിച്ച് 40 പരാതികള്‍ ഇതിനകം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതായി കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, സിപിഎം കള്ളവോട്ട് ചെയ്തിട്ടില്ലെന്നും പരാജയവിഭ്രാന്തിയാണ് ആരോപണത്തിനു പിന്നിലെന്നും പാര്‍ട്ടി സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ അറിയിച്ചു.
സിപിഎമ്മിന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനാണ് കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നതെന്ന് ധര്‍മടം മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ കെ രാഗേഷ് എംപി പറഞ്ഞു.
കള്ളവോട്ട് നടന്ന 132 ബൂത്തില്‍ 90 ശതമാനവും 133ല്‍ 88 ശതമാനവും 134ല്‍ 89 ശതമാനവുമായിരുന്നു പോളിങ്. പിണറായി വിജയന്‍ വോട്ടുചെയ്ത ആര്‍സി അമല യുപിഎസ് 136ാം ബൂത്തില്‍ 90 ശതമാനവും അതേ സ്‌കൂളിലെ 135ാം ബൂത്തില്‍ 90 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.
ഇപ്പോള്‍ പ്രചരിക്കുന്ന കള്ളവോട്ട് ദൃശ്യത്തെക്കുറിച്ചു കൂടുതല്‍ അന്വേഷണവും പരിശോധനയും ആവശ്യമാണെന്നു ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it