പിണറായിക്കെതിരേ ഹരജി നല്‍കിയത്  നിയമോപദേശം മറികടന്ന്

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരേ ഉപഹരജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് നിയമോപദേശം മറികടന്ന്. സംസ്ഥാന സര്‍ക്കാരിന് കേസില്‍ യാതൊരു പങ്കുമില്ലെന്നും ഇത് സിബിഐയുടെ കേസാണെന്നുമാണ് നിയമസെക്രട്ടറി നിയമോപദേശം നല്‍കിയത്. സിബിഐയാണ് കേസില്‍ ഹരജി നല്‍കേണ്ടത്. മുമ്പ് നല്‍കിയ സത്യവാങ്മൂലവുമായി വൈരുദ്ധ്യമുണ്ടാവുമെന്നതിനാല്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാധിക്കുകയില്ലെന്നും നിയമസെക്രട്ടറി ഉപദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ലാവ്‌ലിന്‍ കരാര്‍ പെതുഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന സത്യവാങ്മൂലം കോടതിയില്‍ നല്‍കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസിഫലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ സത്യവാങ്മൂലം നല്‍കുന്നതിനെക്കുറിച്ച് ആഭ്യന്തര സെക്രട്ടറിയാണ് നിയമ സെക്രട്ടറിയോട് ഉപദേശം തേടിയത്. എന്നാല്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കരുതെന്നായിരുന്നു നിയമസെക്രട്ടറിയുടെ അഭിപ്രായം.
നേരത്തെ ഊര്‍ജവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ ലാവലിന്‍ കരാര്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല എന്നാണ് പറഞ്ഞിരുന്നത്. കരാറിലൂടെ നഷ്ടമുണ്ടായെന്ന് പുതിയ സത്യവാങ്മൂലം നല്‍കുന്നത് വൈരുദ്ധ്യമാവുമെന്ന് നിയമസെക്രട്ടറി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് കേസില്‍ ഒരു റോളുമില്ലെന്നും നിയമസെക്രട്ടറി നിയമോപദേശത്തില്‍ പറഞ്ഞു. കേസില്‍ സര്‍ക്കാരല്ല സിബിഐയാണ് എതിര്‍ഭാഗത്തുള്ളത്. ഹരജിയുമായി കോടതിയെ സമീപിക്കേണ്ടതും സിബിഐ ആണ്. സര്‍ക്കാര്‍ കേസില്‍ ഇടപെടുകയോ സത്യവാങ്മൂലം നല്‍കുകയോ ചെയ്യരുതെന്നായിരുന്നു നിയമസെക്രട്ടറിയുടെ അഭിപ്രായം. ആര്‍ ബാലകൃഷ്ണപിള്ള വെഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളാ അടക്കമുള്ള ചില സുപ്രിംകോടതി വിധികള്‍ ഉദ്ധരിച്ചാണ് നിയമസെക്രട്ടറി നിയമോപദേശം നല്‍കിയത്.
എന്നാല്‍ നിയമോപദേശം അവഗണിച്ച സര്‍ക്കാര്‍, ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സോളാര്‍ കേസില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് ലാവലിന്‍ കേസില്‍ ഹരജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it