പിണറായിക്കും ഉമ്മന്‍ചാണ്ടിക്കും എതിരേ കുമ്മനം വക്കീല്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: ക്ഷേത്രപരിസരത്ത് കച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ട് താന്‍ പറയാത്ത കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരേ വക്കീല്‍ നോട്ടീസ് അയച്ചു.
ഡിസംബര്‍ 19ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കവെ ദേശാഭിമാനി ലേഖകന്റെ ചോദ്യത്തിനു മറുപടിയായി താന്‍ പറഞ്ഞ കാര്യങ്ങള്‍ മറച്ചുവച്ച്, ജനങ്ങളില്‍ ശത്രുത വളര്‍ത്തുന്ന വ്യാഖ്യാനങ്ങളാണു മുഖ്യമന്ത്രി പ്രസ്താവനയിലൂടെയും പിണറായി വിജയന്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും നടത്തിയതെന്ന് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മോസ്‌കുകളുടെയും കമ്മറ്റികളാണ് അവരവരുടെ ആരാധനാലയങ്ങളില്‍ ആരൊക്കെയാണു കച്ചവടം നടത്തേണ്ടത് എന്നു തീരുമാനിക്കേണ്ടത് എന്നു താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു.
പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തെറ്റുതിരുത്തി ക്ഷമാപണം നടത്തണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലൂടെ കുമ്മനം ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it