malappuram local

പിണക്കം തീര്‍ന്നു: വണ്ടൂര്‍ മണ്ഡലത്തില്‍ ലീഗും കോണ്‍ഗ്രസ്സും ഒന്നിക്കുന്നു

കാളികാവ്: നിയമസഭാ തിരഞ്ഞെടുപ്പിലെ പാഠം യുഡിഎഫ് ഉള്‍ക്കൊള്ളുന്നു. തമ്മില്‍ തല്ലി ഭരണം നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ തിരിച്ചുപിടിക്കുന്നു. ഇതിന്റെ ഭാഗമായി വണ്ടൂര്‍ മണ്ഡല പരിധിയിലെ മൂന്ന് ഗ്രാമപ്പഞ്ചായത്തുകളില്‍ ഭരണമാറ്റത്തിന് യുഡിഎഫ് നീക്കമാരംഭിച്ചു. ലീഗും കോണ്‍ഗ്രസും ഭിന്നിച്ച് മല്‍സരിക്കുകയും തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫിലെ ഭിന്നത മുതലെടുത്ത് സിപിഎം ഭരണം കൈയാളുകയും ചെയ്ത പഞ്ചായത്തുകളിലാണ് ഭരണമാറ്റത്തിന് കളമൊരുങ്ങുന്നത്.
കാളികാവ്, ചോക്കാട്, കരുവാരകുണ്ട് എന്നിവിടങ്ങളിലെ ഇടതു ഭരണത്തിനു മാറ്റമുണ്ടാക്കാനാണ് യുഡിഎഫ് നീക്കം. ഇതില്‍ കാളികാവ് ഗ്രാമപ്പഞ്ചായത്തിലാണ് ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് സിപിഎം ഭരണത്തിനെതിരേ ആദ്യ അവിശ്വാസം അവതരിപ്പിക്കുന്നത്. വണ്ടൂര്‍ മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ മമ്പാട്, വണ്ടൂര്‍ പഞ്ചായത്തുകള്‍ നിലവില്‍ യുഡിഎഫാണ് ഭരിക്കുന്നത്. കേവല ഭൂരിപക്ഷമില്ലെങ്കിലും എട്ട് അംഗങ്ങള്‍ മാത്രമുള്ള ലീഗ് ഏഴ് അംഗങ്ങളുള്ള കോണ്‍ഗ്രസിനെ പുറത്തിരുത്തിയാണ് കരുവാരകുണ്ടില്‍ ഭരിക്കുന്നത്. ഇവിടെ സിപിഎമ്മിന് ആറ് അംഗങ്ങളാണുള്ളത്. തുവ്വൂരും തിരുവാലിയും പോരൂരും സിപിഎമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള അംഗ സംഖ്യയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വണ്ടൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന എ പി അനില്‍കുമാറിന്റെയും ഏറനാട് എംഎല്‍എ പി കെ ബഷീറിന്റെയും നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ യുഡിഎഫിലെ പടലപിണക്കങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരം കണ്ടിരുന്നു.
ചോക്കാടും കാളികാവിലും ഭരണമാറ്റത്തിന് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം യോജിച്ച് അവിശ്വാസപ്രമേയം കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. കരുവാരകുണ്ടില്‍ പ്രസിഡന്റ് സ്ഥാനം രണ്ടു വര്‍ഷക്കാലം കോണ്‍ഗ്രസിനു നല്‍കി ഭരണപങ്കാളിത്തത്തിനും ധാരണയായിരുന്നു.
ചോക്കാട് ഗ്രാമപ്പഞ്ചായത്തില്‍ ലീഗും സിപിഎമ്മും തമ്മില്‍ ധാരണ ഉണ്ടായിരുന്നിട്ടും ഒറ്റയ്ക്ക് മല്‍സരിച്ചു നേടിയ വൈ. പ്രസിഡന്റു സ്ഥാനം കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ നേരത്തേ രാജിവയ്ക്കുകയും ചെയ്തിരുന്നു. കാളികാവില്‍ എട്ട് അംഗങ്ങള്‍ മാത്രമുള്ള സിപിഎമ്മിലെ എന്‍ സെയ്താലി പ്രസിഡന്റും സി കൗലത്ത് വൈ. പ്രസിഡന്റുമാണ്.
ആറ് അംഗങ്ങളുള്ള കോണ്‍ഗ്രസ്സും അഞ്ച് അംഗങ്ങളുള്ള ലീഗും ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരുന്നതോടെ ഭരണമാറ്റത്തിനു കാളികാവില്‍ തുടക്കമാകും.
എന്നാല്‍, ശേഷിക്കുന്ന നാലര വര്‍ഷത്തില്‍ ആദ്യപകുതി പ്രസിഡന്റു സ്ഥാനം തങ്ങള്‍ക്കു വേണമെന്ന ലീഗ് കോണ്‍ഗ്രസ് തര്‍ക്കം തുടക്കത്തിലെ കല്ലുകടിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it