പിടിച്ചെടുത്ത രേഖകള്‍ സിബിഐ ഡല്‍ഹി സര്‍ക്കാരിന് തിരിച്ചുനല്‍കണം: കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ ഓഫിസില്‍ നിന്നു പിടിച്ചെടുത്ത രേഖകള്‍ തിരിച്ചുനല്‍കാന്‍ പ്രത്യേക കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സിബിഐ പ്രത്യേക ജഡ്ജി കുമാര്‍ ജെയിന്റെ നിര്‍ദേശം. അനധികൃതമായി ദുരുദ്ദേശ്യത്തോടെ ഓഫിസ് റെയ്ഡ് ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. റെയ്ഡില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതായും സര്‍ക്കാര്‍ രേഖകളുടെ സുരക്ഷയും സ്വകാര്യതയും തകര്‍ത്തതായും ആരോപിച്ചിരുന്നു. ഡിസംബര്‍ 15നാണ് അഴിമതി ആരോപിച്ച് ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസില്‍ സിബിഐ തിരച്ചില്‍ നടത്തിയത്.
സിബിഐ തിരച്ചില്‍ നടത്തിയത് സര്‍ക്കാരിനെതിരേയല്ലെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഓഫിസറുടെ അഴിമതി കണ്ടെത്താനായിരുന്നെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍, മന്ത്രിയുടെ ഓഫിസിലെ ടെലിഫോണ്‍ ഡയറക്ടറിയും പിടിച്ചെടുത്തത് എന്തിനുവേണ്ടിയായിരുന്നെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ ചോദിച്ചു. കഴിഞ്ഞ ഡിസംബര്‍ 23ന് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ രേഖകളുടെ ഫോട്ടോ കോപ്പി നല്‍കാന്‍ കോടതി സിബിഐയോടു നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it