ernakulam local

പിടിച്ചുപറികേസിലെ പ്രതി പിടിയില്‍

മരട്: ഭാഗങ്ങളിലും കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. പള്ളുരുത്തി സ്വദേശി സനലാണ് പിടിയിലായത്. മരട് ഗ്രിഗോറിയന്‍ റോഡില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന സ്ഥലത്തെത്തി ഉടമയെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷംരൂപ ആവശ്യപ്പെട്ട് അപഹരിക്കാനുള്ള ശ്രമത്തിനു നേതൃത്വം കൊടുത്ത മൂന്നുപേരില്‍ ഒന്നാം പ്രതിയാണ് ഇടക്കൊച്ചി മണപ്പുറത്ത് വീട്ടില്‍ സനല്‍. ഈ സംഘത്തിലെ മൂന്നുപേരും അഖില ഭാരതീയ ഹനുമാന്‍ സേനയിലെ അംഗങ്ങളാണെന്നും അന്വേഷണത്തില്‍ മനസ്സിലായി.
തുടര്‍ന്ന് മരട് പോലിസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ബ്രോഡ് വേയിലുള്ള ലോഡ്ജില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ മറ്റൊരു പ്രതിയായ മരട് സ്വദേശി സന്തോഷ് കുമാര്‍ എന്നയാള്‍ ഹനുമാന്‍ സേന ജില്ലാ സെക്രട്ടറിയാണ്. ഇയാള്‍ ഈമാസം 4ന് പാലാരിവട്ടത്തുള്ള അല്‍ മേഘ മെഡിക്കല്‍സില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി 65,000 രൂപ കവര്‍ന്ന കേസിലും മറ്റൊരു പിടിച്ചുപറി കേസിലും സനലിനൊപ്പം കൂട്ടുപ്രതിയുമാണ്. മറ്റൊരു പ്രതിയായ ഷമീറിനെയും സന്തോഷ് കുമാറിനെയും പിടികൂടാന്‍ സിറ്റി പോലിസ് ഊര്‍ജിതമായ ശ്രമം തുടങ്ങിക്കഴിഞ്ഞു.
കൊച്ചി സിറ്റിയുടെ പലഭാഗങ്ങളിലും തൃശൂര്‍ ജില്ലയിലും ഇവര്‍ സമാനമായ പിടിച്ചുപറി നടത്തിയിട്ടുള്ളതായി സംശയിക്കുന്നു. പ്രതികളില്‍നിന്നും സമാനമായ സംഭവങ്ങള്‍ക്ക് ഇരയായിട്ടുള്ളവര്‍ പാലാരിവട്ടം, മരട് സ്റ്റേഷനുകളില്‍ ബന്ധപ്പെടാന്‍ അറിയിച്ചു. അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയത് തൃക്കാക്കര അസി. കമ്മീഷണര്‍ എന്‍ രാജേഷ്, സൗത്ത് സി ഐ ചന്ദ്രദാസ് എന്നിവരും അന്വേഷണസംഘത്തില്‍ മരട് എസ്‌ഐ സുജാതന്‍പിള്ള, പോലിസുകാരായ വിനോദ് കൃഷ്ണ, ഗിരീഷ് ബാബു, സന്തോഷ് എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it