palakkad local

പിഞ്ചു കുഞ്ഞിനെ തെരുവു നായ കടിച്ചു

കോഴിക്കോട്: നാട്ടില്‍ മാത്രമല്ല തെരുവ് നായയുടെ വിളയാട്ടത്തില്‍ വീട്ടിലും രക്ഷയില്ല. കോഴിക്കോട് മാത്തറ ഇരിങ്ങല്ലൂരില്‍ തെരുവു നായ പിഞ്ചു കുഞ്ഞിന്റെ കവിളും ചുണ്ടും കടിച്ചുകീറി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇരിങ്ങല്ലൂരിലെ എളവന അഷ്‌റഫ്ഷവാനിയ ദമ്പതികളുടെ ഇളയ മകന്‍ ഐദീന്‍ അഹമ്മദി(രണ്ടര വയസ്സ്)നെയാണ് വീട്ടു വരാന്തയിലിരിക്കെ തെരുവ് നായ വന്നു കടിച്ചത്.കുഞ്ഞിന്റെ വലതു കവിളിലും ചുണ്ടിലുമാണ് നായ കടിച്ചത്. കുഞ്ഞിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സ തേടി. ഇവിടെ കഴിഞ്ഞദിവസവും ഒരാളെ നായ കടിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തെരുവ് നായകളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികില്‍സ തേടുന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ടെങ്കിലും അലഞ്ഞുതിരിയുന്ന നായകളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടിയില്ലെന്നു പരക്കെ ആക്ഷേപമുണ്ട്.

പാതയോരങ്ങള്‍, ഇടവഴികള്‍, ആളൊഴിഞ്ഞതും ജനസഞ്ചാരമേറിയതുമായ സ്ഥലങ്ങള്‍, സ്‌കൂള്‍ആശുപത്രി പരിസരങ്ങള്‍ എന്നിവിടങ്ങള്‍ തെരുവ് നായ്ക്കളുടെയും പേപ്പട്ടികളുടെയും വിഹാരകേന്ദ്രങ്ങളാണ്. വീട്ടിലെ വളര്‍ത്തുപക്ഷികളെയും ആട്, പശു, തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെയും നായ കടിച്ചുകൊല്ലുന്നത് നിത്യസംഭവമാണ്. പാതയോരങ്ങളിലും മറ്റും വിഹരിക്കുന്ന നായകള്‍ കൂട്ടമായി റോഡിനു കുറുകെ ചാടുന്നത് ഇരുചക്രവാഹനക്കാര്‍ക്കും ഭിഷണിയാകുന്നു. ഇതുമൂലം നിരവധി അപകടങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു തെരുവ് നായ്ക്കളുടെ ഭയമില്ലാതെ യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. കാല്‍നടയാത്ര പേടിസ്വപ്‌നമായി തുടരവെ, ഇപ്പോള്‍ വീട്ടിലും രക്ഷയില്ലെന്നായിരിക്കുന്നു സ്ഥിതി.

പലപ്പോഴും ഓടിരക്ഷപ്പെടാന്‍പോലും കഴിയാത്ത പിഞ്ചുകുഞ്ഞുങ്ങളാണ് ഇവയുടെ ഇരകളാകുന്നത്. മുതിര്‍ന്നവരെയും ഈ നായ്ക്കള്‍ വെറുതെ വിടില്ല. നായശല്യം വര്‍ധിച്ചതോടെ പ്രഭാത സവാരിക്കിറങ്ങുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. പേപ്പട്ടികളെ ഭയപ്പെടുത്തി ആട്ടിയോടിക്കാനാകില്ല. പേയുള്ളതിനാല്‍ അവയ്ക്ക് ഒന്നിനെയും ഭയവുമില്ല. ഗുണ്ടാ സംഘങ്ങളെപ്പോലെ സംഘം ചേര്‍ന്നാണ് പലപ്പോഴും തെരുവ് പട്ടികള്‍ ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിക്കുന്നത്. തെരുവ് നായകളുടെ ശല്യം നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഒന്നും നടക്കുന്നില്ല. സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലേറെ തെരുവ് നായകള്‍ അലഞ്ഞുതിരിയുന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ടെങ്കിലും ഇവയെ പിടികൂടാനോ വന്ധീകരിക്കാനോ ഉള്ള പദ്ധതികളെല്ലാം കടലാസിലൊതുങ്ങുകയാണ്.
Next Story

RELATED STORIES

Share it