Flash News

പിഞ്ചുകുഞ്ഞിന് മര്‍ദനം ; ഡേ കെയറുകളെ പോലിസ് നിരീക്ഷിക്കും



കൊച്ചി: കൊച്ചിയിലെ ഡേ കെയറില്‍ കഴിഞ്ഞദിവസം പിഞ്ചുകുഞ്ഞിന് മര്‍ദനമേറ്റതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഡേ കെയറുകളെയും നീരീക്ഷിക്കാന്‍ പോലിസ് തീരുമാനം. കൊച്ചിയിലെ ഡേ കെയറുകളുടെ പ്രവര്‍ത്തനം നീരീക്ഷിക്കാന്‍ മധ്യമേഖലാ ഐജി പി വിജയന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കി. ലൈസന്‍സ് അടക്കമുളള കാര്യങ്ങള്‍ പരിശോധിക്കാനാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ചില സ്ഥലങ്ങളില്‍ വൃത്തിയും സുരക്ഷിതത്വവും ഇല്ലാതെ ഡേ കെയറുകള്‍ പ്രവര്‍ത്തിക്കുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളും അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബാഞ്ചിന് ഐജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ഒരു സംഭവം ഉണ്ടാവുമ്പോള്‍ ആ സംഭവത്തെക്കുറിച്ച് മാത്രമാണ് ആലോചിക്കാറുള്ളതെന്ന് ഐജി പി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞദിവസം പിഞ്ചു കുട്ടിയുടെ നേരെയുണ്ടായ വിധത്തിലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാനുള്ള നടപടികളെക്കുറിച്ചാണ് പോലിസ് ചിന്തിക്കുന്നതെന്നും പി വിജയന്‍ പറഞ്ഞു. പാലാരിവട്ടം പി ജെ ആന്റണി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കളിവീട് എന്ന ഡേ കെയറില്‍ വച്ചാണ്  ഒന്നര വയസ്സുള്ള കുട്ടിയെ ഡേ കെയര്‍ നടത്തിപ്പുകാരി മിനി മാത്യു മര്‍ദിച്ചത്. ഇവിടെയുള്ള കുട്ടികളെ ഇവര്‍ മര്‍ദിക്കാറുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡേ കെയറിലെ ജീവനക്കാരിയുടെ സഹായത്തോടെ രക്ഷിതാവ് ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയതോടെയാണ് വിവരം പുറത്തായത്. സംഭവത്തെ തുടര്‍ന്ന് മിനി മാത്യുവിനെ പോലിസ് അറസ്റ്റു ചെയ്യുകയും ഇവരുടെ ഡേ കെയര്‍ പൂട്ടിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മറ്റു ഡേ കെയറുകളും നിരീക്ഷിക്കാന്‍ പോലിസ് തീരുമാനമെടുത്തത്. അനധികൃത ഡേ കെയറുകളെ നിയന്ത്രിക്കാന്‍ കൊച്ചി കോര്‍പറേഷനും നടപടി തുടങ്ങി. മുഴുവന്‍ ഡേ കെയറുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ജൂണ്‍ 10ന് മുമ്പ് മുഴുവന്‍ ഡേ കെയറുകളും രജിസ്റ്റര്‍ ചെയ്യണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it