Kollam Local

പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച 910 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി



കരുനാഗപ്പള്ളി: പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച 910 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളി തൊടിയൂര്‍ അംബേദ്കര്‍ കോളനി പരിസരത്തു നിന്നും മുകളില്‍ തേങ്ങ നിറച്ച നിലയില്‍ കണ്ടെത്തിയ പിക്കപ്പ് വാനില്‍ നിന്നുമാണ് 35 ലിറ്ററിന്റെ 26 കന്നാസുകളിലായി ഒളിപ്പിച്ചിരുന്ന 910 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. കഴിഞ്ഞ ദിവസം കായംകുളത്ത് ഷാപ്പില്‍ നടത്തിയ റെയ്ഡില്‍ 400 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് വാനില്‍ നിന്നും സ്പിരിറ്റ് പിടികൂടിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ പൂട്ടേണ്ടി വന്നത് കൊല്ലം ജില്ലയിലാണ്. ഇത് വ്യാജമദ്യം നിര്‍മാണത്തിന് കാരണമാകുന്നെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.പിടിച്ചെടുത്ത സ്പിരിറ്റ് കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന്റെ തുടരന്വേഷണം കരുനാഗപ്പള്ളി എക്‌സൈസ് നടത്തും. വാഹനത്തിന്റെ രജിസ്‌ട്രേഡ് ഓണറായ കരുനാഗപ്പള്ളി സ്വദേശി ഷരീഫിനെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരുന്നു. ഇയാള്‍ ഒളിവിലാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരായ സിഐ അനികുമാര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ കെ വി വിനോദ്, എസ് മധുസൂദന്‍, എകെ അജയകുമാര്‍, മനോജ്, ടി ആര്‍ മഹേഷ്, സുനില്‍കുമാര്‍, ജിജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it