പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി ആറു മാസംകൂടി  നീട്ടണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസംകൂടി ദീര്‍ഘിപ്പിക്കണമെന്ന് പിഎസ്‌സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നാലര വര്‍ഷംവരെയോ അല്ലെങ്കില്‍ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍വരുന്നതു വരെയോ കാലാവധി നീട്ടാനാണ് ആവശ്യപ്പെടുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതു സംബന്ധിച്ച നടപടികളില്‍ കാലതാമസമുണ്ടാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള മറ്റ് റാങ്ക് ലിസ്റ്റുകളില്‍നിന്ന് നിയമനം നടത്തണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് പിഎസ്‌സിക്ക് കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ ഇതുസംബന്ധിച്ച സര്‍ക്കാരിന്റെ ആവശ്യം പിഎസ്‌സി അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ ആവശ്യം പിഎസ്‌സി അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്. നല്ല ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, എല്‍ഡി ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളില്‍നിന്ന് സര്‍വകലാശാലകളിലേക്ക് നിയമനം നടത്താം. സര്‍വകലാശാല തസ്തികയും മറ്റു തസ്തികയും തമ്മില്‍ ശമ്പളമടക്കമുള്ള കാര്യങ്ങളില്‍ അന്തരമുള്ളത് സംബന്ധിച്ച പ്രശ്‌നത്തില്‍ എന്തുചെയ്യണമെന്ന് പിഎസ്‌സിക്ക് തീരുമാനിക്കാം.
സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്ന കാര്യം നിയമസഭ നേരത്തേ പാസാക്കിയതാണ്. എന്നാല്‍, ഒഴിവുകള്‍ നികത്തുന്നതില്‍ കാലതാമസമുണ്ടായാല്‍ സര്‍ക്കാരിന് എന്തുചെയ്യാനാവും. അതുകൊണ്ടാണ് തുറന്ന മനസ്സോടെ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it