Kollam Local

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: പ്രതി അഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍

കൊല്ലം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അഞ്ചുവര്‍ഷത്തിന് ശേഷം പോലിസിന്റെ പിടിയിലായി. കേസിലെ 15ാം പ്രതി മിറാഷ് ആണ് കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായത്. 2010 നവംബര്‍ 27ന് ബിവറേജസ് കോര്‍പ്പറേഷന്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിലാണ് ഇയാള്‍ ഉള്‍പ്പെട്ട സംഘം തട്ടിപ്പ് നടത്തിയത്. മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ച ഇയര്‍ഫോണുപയോഗിച്ച് ഉത്തരങ്ങള്‍ സ്വീകരിച്ച ശേഷം പരീക്ഷയെഴുതിയാള്‍ക്ക് ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്താണ് തട്ടിപ്പ് നടത്തിയത്. കേസിലെ മുഖ്യപ്രതി കയര്‍ പ്രോജക്ട് ഓഫിസില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന പ്രകാശിന്റെ നേതൃത്വത്തില്‍ മയ്യനാട് വലിയതോട്ടത്തില്‍കാവ് പരിസരത്തുവച്ച് ഗൂഢാലോചന നടത്തിയതില്‍ കൂട്ടുപ്രതിയായിരുന്ന മിറാഷ് കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ ബിവറേജസ് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് പരീക്ഷ എഴുതിയ രജീഷിനാണ് ഉത്തരങ്ങള്‍ തന്റെ മൊബൈല്‍ ഫോണിലുടെ പറഞ്ഞു കൊടുത്തത്. നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരം കൊല്ലം ക്രേവണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പരീക്ഷാഹാളില്‍ പരീക്ഷാര്‍ഥിയായി പ്രവേശിച്ച സംഘാംഗങ്ങളില്‍ ഒരാള്‍ ചുരുട്ടി എറിഞ്ഞ ചോദ്യപേപ്പര്‍ കൈവശപ്പെടുത്തി ഉത്തരങ്ങള്‍ കണ്ടെത്തിയാണ് രജീഷിന് മൊബൈല്‍ ഫോണിലൂടെ പറഞ്ഞു കൊടുത്തത്.

പരീക്ഷ എഴുതാനും ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുവാനും ഉപയോഗിച്ച മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കൃത്യത്തിനുശേഷം നശിപ്പിച്ചിരുന്നു. ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടുന്നതിനായി എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് പ്രതി നാട്ടിലെത്തിയ വിവരമറിഞ്ഞ് അന്വേഷണ സംഘം ഇയാളെ കുടുക്കിയത്.
പിഎസ്‌സി പരീക്ഷാതട്ടിപ്പ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ ലാല്‍ജിയുടേ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് എസ് ഐ വി എസ് പ്രദീപ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ ്കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ വിശ്വേശ്വരന്‍ പിള്ള, ശശാങ്കന്‍, വില്‍ഫ്രഡ്, അബ്ദുള്‍ റഹിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it