പിഎസ്‌സി പരീക്ഷാ ചോദ്യങ്ങള്‍ ഗൈഡില്‍നിന്നു പകര്‍ത്തിയെന്ന് ആക്ഷേപം

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയ്ക്ക് സ്വകാര്യ പബ്ലിഷിങ് കമ്പനി പുറത്തിറക്കിയ പഠനസഹായിയിലെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയെന്നു പരാതി. വൊേക്കഷനല്‍ ഇന്‍സ്ട്രക്റ്റര്‍ തസ്തികയിലേക്കു നടന്ന പരീക്ഷയുടെ ചോദ്യങ്ങളെ ചൊല്ലിയാണ് പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തു വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ 11നാണ് സംസ്ഥാനതലത്തില്‍ വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെയിന്റനന്‍സ് ആന്റ് റിപ്പയേഴ്‌സ് ഓഫ് ടു വീലേഴ്‌സ് ആന്റ് ത്രീ വീലേഴ്‌സ് (കാറ്റഗറി നമ്പര്‍: 084/2017) പരീക്ഷ നടന്നത്. ആര്‍എസ് ഖുറുമി, ജെ കെ ഗുപ്ത എന്നിവര്‍ തയ്യാറാക്കിയ ന്യൂഡല്‍ഹിയിലെ എസ് ചന്ദ് പബ്ലിഷിങ് കമ്പനി പ്രസിദ്ധീകരിച്ച മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്ന ഗൈഡിലുള്ള ചോദ്യങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നു എന്നാണ് പരാതി. ആകെയുള്ള 100 ചോദ്യങ്ങളില്‍ 20 എണ്ണം പൊതുവിജ്ഞാനവും ബാക്കി 80 എണ്ണം വിഷയവുമായി ബന്ധപ്പെട്ടതുമാണ്. ഇതില്‍ 79 ചോദ്യങ്ങളും പഠനസഹായിയില്‍നിന്ന് പകര്‍ത്തി. ഉത്തരം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍പോലും അതേപടി പകര്‍ത്തിയിരിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പഠനസഹായിയിലെ പിഴവുകള്‍ പോലും ചോദ്യങ്ങളില്‍ വന്നത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎസ്‌സി സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഒരുപറ്റം ഉദ്യോഗാര്‍ഥികള്‍. ചിലരെ സഹായിക്കാന്‍ നടത്തിയ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം.—
Next Story

RELATED STORIES

Share it