kasaragod local

പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട്: ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് നടത്തി

കാസര്‍കോട്: പിഎസ്‌സി നടത്തിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  ടീച്ചേഴ്‌സ് കൊമേഴ്‌സ് (ജൂനിയര്‍) പരീക്ഷയില്‍ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിന് പുറത്തുനിന്നു വന്നതിനു പിന്നില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണവുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്ത്. സംസ്ഥാനത്തൊട്ടാകെ ഏഴായിരത്തോളം ഉദ്യോഗാര്‍ഥികള്‍ കഴിഞ്ഞ ഒമ്പതിന് നടന്ന പരീക്ഷ എഴുതി. ഏഴുവര്‍ഷത്തിനുശേഷമാണ് പിഎസ്‌സി ഹയര്‍സെക്കന്‍ഡറി കൊമേഴ്‌സ് (ജൂനിയര്‍) പരീക്ഷ നടത്തുന്നത്.
എന്നാല്‍ ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയ തങ്ങള്‍ ശരിക്കും ഞെട്ടുകയായിരുന്നെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അറുപതുശതമാനം ചോദ്യങ്ങളും കൊമേഴ്‌സുമായി ബന്ധമില്ലാത്തതായിരുന്നു.
സംസ്ഥാനത്തൊട്ടാകെ പരീക്ഷ എഴുതിയതില്‍ 60 ശതമാനം ഉദ്യോഗാര്‍ഥികളും ഇനിയൊരു പരീക്ഷ എഴുതാനാവാത്തവിധം പ്രായപരിധി കഴിയുന്നവരാണ്. ചില കേന്ദ്രങ്ങളില്‍ നിന്നും തല്‍പരകക്ഷികള്‍ നടത്തിയ ക്രമക്കേട് മൂലം മറ്റൊരു ജോലിക്കും ശ്രമിക്കാതെ വര്‍ഷങ്ങളായി ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ അധ്യാപകജോലി ആഗ്രഹിച്ചു തീവ്രപരിശ്രമം നടത്തിയ ഉദ്യോഗാര്‍ഥികള്‍ ഇവിടെ വഴിയാധാരമായിരിക്കുകയാണ്.
തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഒരു പിഎസ്‌സി കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകര്‍ക്ക് ഈ ചോദ്യപേപ്പര്‍ ക്രമക്കേടില്‍ പങ്കുണ്ടെന്ന് തെളിവുകളുള്ളതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. വിജിലന്‍സിനും പിഎസ്‌സി ചെയര്‍മാനും മനുഷ്യാവകാശകമ്മീഷനും പരാതി നല്‍കിയ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
പരീക്ഷ റദ്ദുചെയ്തു പുനഃപരീക്ഷ നടത്തണമെന്നും ചോദ്യപേപ്പര്‍ മാഫിയകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ കാസര്‍കോട് പിഎസ്‌സി ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തി. ജില്ലാ പഞ്ചായത്തംഗം കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സനൂപ് തൃക്കരിപ്പൂര്‍ അധ്യക്ഷതവഹിച്ചു. ഹക്കീം കടവത്ത്, റിയാസ് പട്ടാമ്പി, മര്‍സൂക്ക് കണ്ണൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it