Flash News

പിഎസ്‌സി പരീക്ഷകള്‍ക്ക് മലയാളം ചോദ്യപേപ്പര്‍ നല്‍കണം



തിരുവനന്തപുരം: എല്ലാ പിഎസ്‌സി പരീക്ഷകള്‍ക്കും മലയാളത്തില്‍കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ഉന്നതതല സമിതി പിഎസ്‌സിയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ എസ്എസ്എല്‍സി വരെ യോഗ്യതയുള്ള പരീക്ഷകള്‍ക്കു മാത്രമാണ് പിഎസ്‌സി മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നത്. ഇംഗ്ലീഷില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ബിരുദം യോഗ്യതയായ പരീക്ഷകളില്‍ മലയാളം ഉള്‍പ്പെടുത്തണമെന്നാണ് സമിതി ആവശ്യപ്പെട്ടത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. നിലവില്‍ 10 ശതമാനം മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മലയാള ഭാഷാവിഭാഗത്തില്‍ പിഎസ്‌സി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നിലേറെ പരീക്ഷയുള്ള ഉദ്യോഗങ്ങള്‍ക്ക് ഒരു പേപ്പര്‍ നിര്‍ബന്ധമായും മലയാളഭാഷ സംബന്ധിച്ചാവണമെന്ന് പിഎസ്‌സിയോട് ശുപാര്‍ശ ചെയ്യാനും പ്ലസ്ടു ക്ലാസുകളില്‍ ശാസ്ത്രവിഷയങ്ങള്‍ക്ക് മലയാളത്തില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ എസ്ഇആര്‍ടിയോട് നിര്‍ദേശിക്കാനും സമിതി തീരുമാനിച്ചു. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ കൂടി വേണമെന്നും യോഗം തീരുമാനിച്ചു. മാര്‍ച്ച് 31നു മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. യോഗത്തില്‍ ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, സമിതി അംഗങ്ങളായ ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഫ. വി എന്‍ മുരളി, സുരേഷ് കുറുപ്പ് എംഎല്‍എ, പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it