Flash News

പിഎസ്‌സി നിയമനം അട്ടിമറിക്കല്‍ : സഹകരണ അപെക്‌സ് സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയില്ല



ശ്രീജിഷ   പ്രസന്നന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ അപെക്‌സ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം അട്ടിമറിക്കുന്നതിനെതിരേ നടപടിയില്ല. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിയമനം പൂര്‍ണമായി പിഎസ്‌സിക്ക് വിട്ടുകൊണ്ട് 1995 ലാണ് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, 22 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഉത്തരവ് പാലിച്ചത് ഏഴു സ്ഥാപനങ്ങള്‍ മാത്രമാണ്. ബാക്കിയുള്ള ഒമ്പത് സ്ഥാപനങ്ങള്‍ സ്‌പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാതെ പിഎസ്‌സി നിയമനം അട്ടിമറിക്കുകയാണ്. വ്യവസായ സഹകരണ സ്ഥാപനങ്ങള്‍ കൂടാതെ 12 സഹകരണ അപെക്‌സ് സ്ഥാപനങ്ങളാണ് നിലവിലുള്ളത്. ഇതിനു പുറമെ മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റീസ് ആക്ട് പ്രകാരം 34 കേന്ദ്രസംഘങ്ങളും സഹകരണ വകുപ്പിനു കീഴിലുണ്ട്. ഇവയില്‍ 16 എണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭൂരിപക്ഷം സ്ഥാപനങ്ങളും സ്‌പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാതെയും ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാതെ ഫയലുകള്‍ പൂഴ്ത്തിവച്ചുമാണ് പിഎസ്‌സി നിയമനത്തില്‍ നിന്ന് രക്ഷപ്പെടുന്നതെന്ന് ആക്ഷേപമുണ്ട്. വനിതാഫെഡ്, ടൂര്‍ഫെഡ്, ഹോസ്പിറ്റല്‍ഫെഡ്, ലേബര്‍ഫെഡ് എന്നീ സഹകരണ വകുപ്പിന്റെ സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിനു കീഴില്‍ വരുന്ന സഹകരണ സ്ഥാപനങ്ങളായ ഹാന്റെക്‌സ്, ടെക്‌സ്‌ഫെഡ്, കയര്‍ഫെഡ്, സുരഭി, കാപെക്‌സ് എന്നിവയിലുമാണ് പിഎസ്‌സി വഴിയുള്ള നിയമനം ഇതുവരെ പ്രായോഗികമാവാത്തത്. അതേസമയം, സഹകരണ വകുപ്പിനു കീഴിലുള്ള നാല് അപെക്‌സ് സ്ഥാപനങ്ങളുടെ സ്‌പെഷ്യല്‍ റൂള്‍സിനുള്ള കരട് തയ്യാറായിവരുന്നതായി വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങളുമായി വിശദമായ കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനമെടുക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ഉടനെ ഉണ്ടായേക്കും. എന്നാല്‍, പിഎസ്‌സി വിജ്ഞാപനം നടത്തി നികത്താനുള്ള സുപ്രധാന പോസ്റ്റുകള്‍ ഈ വകുപ്പുകളില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 1995ല്‍ എ കെ ആന്റണി സര്‍ക്കാരാണ് സഹകരണ അപെക്‌സ് സ്ഥാപനങ്ങളിലെ നിയമനം പൂര്‍ണമായി പിഎസ്‌സിക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.  കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്), കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് എസ്‌സി-എസ്ടി ഡെവലപ്‌മെന്റ്, കേരള സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്ക്, കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡ്, റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ നിയമനം പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചിട്ടുള്ളത്. അപെക്‌സ് സഹകരണ സ്ഥാപനങ്ങളിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്‌സിക്ക് വിട്ടുനല്‍കിയാല്‍ ഈ മേഖലയില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഉത്തരവ് ഇറങ്ങിയ ശേഷം മാറിമാറിവന്ന സര്‍ക്കാരുകള്‍ വിവിധ കാരണങ്ങളാല്‍ സഹകരണ സ്ഥാപനങ്ങളുടെ നിയമനവിഷയത്തില്‍ ഇടപെട്ടില്ല. ഈ സര്‍ക്കാര്‍ വന്ന ശേഷം എല്ലാ സഹകരണ സ്ഥാപനങ്ങളെയും പിഎസ്‌സി നിയമനത്തിനു കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നു. സ്‌പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാന്‍ ഇനിയും സ്ഥാപനങ്ങള്‍ കാലതാമസം വരുത്തിയാല്‍ പ്രത്യേക ഉത്തരവിറക്കി ഈ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്ന ആവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it