palakkad local

പിഎസ്‌സിയുടെ മുഴുവന്‍ പരീക്ഷകളും ഓണ്‍ലൈനാക്കും

പാലക്കാട്: പിഎസ്‌സി പരീക്ഷാ നടത്തിപ്പില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം പി ശിവദാസന്‍ പറഞ്ഞു. നിലവിലെ രീതികള്‍ക്ക് പകരം ഓണ്‍ലൈനായി മുഴുവന്‍ പരീക്ഷകളും നടത്തുമെന്നും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പരീക്ഷകള്‍ക്ക് എഴുത്ത് പരീക്ഷ നടത്തുമെന്നും പി.ശിവദാസന്‍ കൂട്ടിചേര്‍ത്തു. പിഎസ്‌സിയുടെ പാലക്കാട് ജില്ലാ ഓഫീസിന്റെ ഇ- ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പിഎസ്‌സിയുടെ 10ാമത്തെ ജില്ലാ ഇ- ഓഫീസാണ് പാലക്കാട് ഉദ്ഘാടനം ചെയ്തത്.
എല്ലാ പരീക്ഷകളും ഓണ്‍ലൈനാക്കുന്നതിനായി സര്‍ക്കാര്‍- എയ്ഡഡ് എഞ്ചിനീയറിങ് കോളെജുകള്‍ വാടകയ്‌ക്കെടുക്കും. പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി മാര്‍ക്ക് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സ്‌ക്രീം നടപ്പിലാക്കും. പുതിയതായി നിര്‍മിക്കുന്ന പിഎസ്‌സിയുടെ ജില്ലാ ആസ്ഥാന ഓഫീസുകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടാവും.
നിലവില്‍ പിഎസ്‌സിയുടെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് റീജനല്‍ കേന്ദ്രങ്ങളില്‍ ഇതിനായുള്ള സൗകര്യമുണ്ട്. പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും വേഗതയിലുമാക്കാനാണ്് ഇ- ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. ഫയലുകളുടെ നീക്കവും ഒരോ ജീവനക്കാരനും ചെയ്യുന്ന ജോലിയുടെ തോതും നിരീക്ഷിക്കാനും ഇ- സംവിധാനത്തിലൂടെ സാധ്യമാക്കും. ഇതിനായി ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തും.  ഇ-ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി എന്‍ഐസി(നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍)യില്‍ നിന്നും കെല്‍ട്രോണില്‍ നിന്നും ഒാരോ സാങ്കേതിക വിദഗ്ധരെ ജില്ലാ ഓഫീസില്‍ നിയോഗിക്കും.
ഹാന്‍ഡ് ഹെല്‍ഡ് സിസ്്റ്റം എഞ്ചിനീയറെയും പഴയ ഫയലുകളുടെ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെയുമാണ് നിയോഗിക്കുന്നത്. ഇവര്‍ക്ക് വിദഗ്ധ പരീശീലനവും നല്‍കും. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് (ആര്‍ ആന്റ് എ) ജോയിന്റ് സെക്രട്ടറി ആര്‍ രാമകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ ഓഫീസര്‍ കെഎം ഷെയ്ക്ക് ഹുസൈന്‍, സിസ്റ്റം മാനേജര്‍ അന്‍വര്‍ ഹുസൈന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിപി സുലഭ, അണ്ടര്‍ സെക്രട്ടറിമാരായ എംഎ ബിജുമോന്‍, ജ്യോതി ലക്ഷ്മി സംസാരിച്ചു.
Next Story

RELATED STORIES

Share it