പിഎസ്ജി അകത്ത്; ചെല്‍സി പുറത്ത്

ലണ്ടന്‍/ മോസ്‌കോ: ഇംഗ്ലീഷ് ജേതാക്കളായ ചെല്‍സിയുട കഥകഴിച്ച് ഫ്രഞ്ച് വിജയികളായ പാരിസ് സെന്റ് ജര്‍മനയ്ന്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. കഴിഞ്ഞ ദിവസം ചെല്‍സിയുടെ ഹോംഗ്രൗ ണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ 2-1നു വെന്നിക്കൊടി പാറിച്ച പിഎസ്ജി ഇരുപാദങ്ങളിലായി 4-2ന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. ഒന്നാംപാദത്തിലും പിഎസ്ജി 2-1ന് ജയം കൊയ്തിരുന്നു.
രണ്ടാംപാദത്തില്‍ അഡ്രിയെന്‍ റാബിയറ്റ് (16ാം മിനിറ്റ്), സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് (67) എന്നിവരാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍. ഡിയേഗോ കോസ്റ്റ 27ാം മിനിറ്റില്‍ ചെല്‍സിയുടെ ഗോള്‍ മടക്കി.
മറ്റൊരു മല്‍സരത്തില്‍ റഷ്യയിലെ കരുത്തുറ്റ ടീമായ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ കീഴടക്കി പോര്‍ച്ചുഗീസ് ചാംപ്യന്‍മാരായ ബെന്‍ഫിക്കയും അവസാന എട്ടില്‍ ഇടംപിടിച്ചു. രണ്ടാംപാദത്തില്‍ 2-1നാണ് ബെന്‍ഫിക്ക ജയിച്ചുകയറിയത്. ആദ്യപാദത്തിലും ജയം ബെന്‍ഫിക്കയ്‌ക്കൊപ്പമായിരുന്നു (1-0).
ഇബ്രച്ചിറകില്‍ വീണ്ടും പിഎസ്ജി
സ്വീഡിഷ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ മാസ്മരിക പ്രകടനമാണ് ചെല്‍സിക്കെതിരേ പിഎസ്ജിക്കു കരുത്തായത്. സീസണില്‍ ടീമിനായി കളിച്ച മല്‍സരങ്ങളിലെല്ലാം ഇബ്ര മിന്നുന്ന ഫോമില്‍ കളിച്ചിരുന്നു. ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലും സ്വീഡിഷ് വെറ്ററന്‍ താരം കളംനിറഞ്ഞു കളിച്ചു. ആദ്യ ഗോളിനു വഴിയൊരുക്കുകയും രണ്ടാം ഗോള്‍ നേടുകയും ചെയ്യുന്നതിനൊപ്പം ചെല്‍സി പ്രതിരോധത്തെ ഇബ്ര നിര ന്തരം സമ്മര്‍ദ്ദത്തിലാക്കി.
ഫ്രാന്‍സില്‍ കഴിഞ്ഞ മാസം നടന്ന ആദ്യപാദത്തില്‍ 1-2നു തോറ്റതിനാല്‍ ചെല്‍സിക്ക് ഈ മല്‍സരം നിര്‍ണായകമായിരുന്നു. മല്‍സരം സ്വന്തം കാണികള്‍ക്കു മുന്നിലായതിനാല്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നീലപ്പട.
എന്നാല്‍ കൡയുടെ തുടക്കം മുതല്‍ നിയന്ത്രണമേറ്റെടുത്ത പിഎസ്ജി എതിരാളികള്‍ക്ക് ഒരു പഴു തും അനുവദിച്ചില്ല. ആറാം മിനിറ്റില്‍ അര്‍ജന്റീന സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയിലൂടെ പിഎസ്ജി അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. ഡിമരിയയുടെ ഗോളെന്നുറച്ച ക്ലോസ്‌റേഞ്ച് ഷോട്ട് ചെല്‍സി പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ചെല്‍സിയുടെ പ്രതീക്ഷകള്‍ തകിടംമറിച്ച് റാബിയറ്റ് 16ാം മിനിറ്റില്‍ പിഎസ്ജിയെ മുന്നിലെത്തിച്ചു. ഡിമരിയ കൈമാറിയ ത്രൂബോ ള്‍ വലതുമൂലയില്‍ നിന്ന് ഇബ്ര ബോക്‌സിനു കുറുകെ ക്രോസ് ചെയ്തപ്പോള്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ റാബിയറ്റ് വലകുലുക്കുകയായിരുന്നു.
27ാം മിനിറ്റില്‍ കോസ്റ്റയിലൂടെ ചെല്‍സി സമനില പിടിച്ചുവാങ്ങി. കൗണ്ടര്‍അറ്റാക്കിനൊടുവില്‍ വില്ല്യന്‍ കൈമാറിയ പാസ് ബോക്‌സിനുള്ളില്‍ വച്ച് രണ്ട് പിഎസ്ജി താരങ്ങളെ വെട്ടിയൊഴിഞ്ഞ് കോസ്റ്റ വലയ്ക്കുള്ളിലാക്കി. സെക് ഫെബ്രഗസിനും കോസ്റ്റയ്ക്കും ചെല്‍സിക്ക് ലീഡ് സമ്മാനിക്കാനുള്ള അവ സരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
65ാം മിനിറ്റില്‍ ചെല്‍സിയുടെ രണ്ടാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം വില്ല്യന്‍ പാഴാക്കി. പിഎസ്ജി പ്രതിരോധത്തെ വെട്ടിച്ച് കുതിച്ചെത്തിയ വില്ല്യ ന്‍ ബോക്‌സിനു പുറത്തു നിന്നു തൊടുത്ത കരുത്തുറ്റ ഷോട്ട് പിഎസ്ജി ഗോള്‍കീപ്പര്‍ കെവിന്‍ ട്രാപ്പ് തക ര്‍പ്പന്‍ സേവിലൂടെ വിഫലമാക്കി.
രണ്ടു മിനിറ്റിനകം ചെല്‍സിയുടെ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ ദുഷ്‌കരമാക്കി ഇബ്രയിലൂടെ പിഎസ്ജി രണ്ടാം ഗോള്‍ നിക്ഷേപിച്ചു. ഇടതുമൂലയില്‍ നിന്ന് ഡിമരിയ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ഗോളിക്ക് ഒരു പഴുതും നല്‍കാതെ ഇബ്ര വലയിലേക്ക് അടിച്ചുകയറ്റി.
74ാം മിനിറ്റില്‍ ഡിമരിയ ബോക്‌സിനു പുറത്തു വച്ച് പരീക്ഷിച്ച ബുള്ളറ്റ് ഷോട്ട് ചെല്‍സി ഗോളി വിഫലമാക്കുകയായിരുന്നു.
തുടര്‍ച്ചയായി രണ്ടാം സീസണിലാണ് പിഎസ്ജിയോട് തോറ്റ് ചെല്‍സി ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താവുന്നത്. കഴിഞ്ഞ സീസണില്‍ എവേ ഗോളില്‍ പിഎസ്ജി ബ്ലൂസിനെ മുട്ടുകുത്തിക്കുകയായിരുന്നു.
അവസാന അഞ്ച് മിനിറ്റില്‍ ബെന്‍ഫിക്ക നേടി
റഷ്യന്‍ ശക്തികളായ സെനിത്തിനെതിരേ അവിസ്മരണീയ വിജയമാണ് ബെന്‍ഫിക്ക സ്വന്തമാക്കിയത്. അവസാന അഞ്ചു മിനിറ്റിനിടെ രണ്ടു ഗോള്‍ നേടിയാണ് ബെന്‍ഫിക്ക ജയവും ക്വാര്‍ട്ടര്‍ ടിക്കറ്റും കൈക്കലാക്കിയത്.
ആദ്യപാദത്തിലെ തോല്‍വി മറികടക്കാന്‍ സെനിത്തിന് ഈ കളിയില്‍ 2-0ന്റെ ജയം അനിവാര്യമായിരുന്നു. 69ാം മിനിറ്റില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഹള്‍ക്കിന്റെ ഗോളില്‍ സെനിത് ഇരുപാദങ്ങളിലായി സ്‌കോര്‍ 1-1 ആക്കി.
മല്‍സരം അധികസമയത്തേക്ക് നീങ്ങുമെന്നിരിക്കെയായിരുന്നു ബെന്‍ഫിക്കയുടെ ഗംഭീര തിരിച്ചുവരവ്. 85ാം മിനിറ്റില്‍ നികോളാസ് ഗെയ്റ്റനിലൂടെ സമനില കരസ്ഥമാക്കിയ ബെന്‍ഫിക്ക ഇഞ്ചുറിടൈമില്‍ ആന്‍ഡേഴ്‌സന്‍ ടാലിസ്‌കയിലൂടെ വിജയഗോള്‍ നേടി.
Next Story

RELATED STORIES

Share it