പിഎസി യോഗത്തില്‍ ബിജെപി-കോണ്‍ഗ്രസ് പോര്

ന്യൂഡല്‍ഹി: ശക്തമായ രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്കു സൂചന നല്‍കി പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി (പിഎസി)യുടെ ആദ്യ യോഗത്തില്‍ തന്നെ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര്.
അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസ് ഉയര്‍ത്തിക്കാട്ടി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ നടത്തിപ്പ് പാര്‍ലമെന്റ് ഓഡിറ്റ് കമ്മിറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും രംഗത്തെത്തിയതോടെ യോഗം ബഹളമയമാവുകയായിരുന്നു.
അതേസമയം, മുമ്പ് പ്രതിരോധ സെക്രട്ടറിയായും നിലവില്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലു(സിഎജി)മായ ശശികാന്ത് ശര്‍മയുടെ സാന്നിധ്യത്തില്‍ പ്രതിരോധ കരാര്‍ ചര്‍ച്ചചെയ്യുന്നത് അനൗചിത്യപരമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുവേദു ശേഖര്‍ റോയ് അഭിപ്രായപ്പെട്ടു. സിഎജി പല കരാറുകളുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കുകയും റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ശര്‍മ മുന്‍ പ്രതിരോധ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സിഎജിയുടെ റിപോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) എങ്ങിനെയാണ് പരിഗണിക്കുകയെന്നും റോയ് ചോദിച്ചു. എന്നാല്‍, സിഎജി തലവനായി ശര്‍മയെ നേരത്തെ തന്നെ നിയമിച്ചതാണെന്നായിരുന്നു പിഎസി ചെയര്‍മാന്‍ കെ വി തോമസിന്റെ മറുപടി. ശര്‍മയെ സിഎജിയായി നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ നേതൃത്വത്തിലുള്ള പിഎസിയുടെ ആദ്യയോഗത്തില്‍ കീഴ്‌വഴക്കമനുസരിച്ചുള്ള നടപടിയുടെ ഭാഗമായാണ് സിഎജി പങ്കെടുത്തത്. യോഗത്തില്‍ വിവിഐപി ഹെലികോപ്റ്റര്‍ കരാറുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച 2013ലെ സിഎജി റിപോര്‍ട്ട് പിഎസി പരിഗണിക്കണമെന്ന് ബിജെപി അംഗം വിജയ് ഗോയല്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ബിജെഡി അംഗം ബി മെഹ്താബും പിന്താങ്ങി. സിബിഐ അന്വേഷണത്തിലുള്ളതോ കോടതിയുടെ പരിഗണനയിലുള്ളതോ ആയ വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ പിഎസിക്ക് തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പിഎസി ചെയര്‍മാനായ കെ വി തോമസ് ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല. ഹെലികോപ്റ്റര്‍ അഴിമതി ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ ബിജെപി ഉറച്ചുനിന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ നടത്തിപ്പ് കമ്മിറ്റി പരിശോധിക്കണെമന്ന് കോണ്‍ഗ്രസ്സിലെ ശാന്തറാം നായ്ക് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it